India National

വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസം മാത്രം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കി നേതാക്കള്‍. കനത്ത തിരിച്ചടി പ്രതീക്ഷിക്കുന്ന ഉത്തര്‍പ്രദേശിലെ സുപ്രധാന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബി.ജെ.പിയുടെ പ്രചാരണ പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലും ഛണ്ഡിഗഢിലും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മധ്യപ്രദേശിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ റാലി.

എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ 30 സീറ്റ് 2014ല്‍ ബി.ജെ.പി ഒറ്റക്ക് നേടിരുന്നു. 5 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളില്‍ 11ഉം 2014ല്‍ ബി.ജെ.പി നേടിയതാണ്. എസ്.പി – ബിഎസ്.പി സഖ്യം രംഗത്തെത്തിയതോടെ ഇത്തവണ വലിയ തിരിച്ചടി ബി.ജെ.പിക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബി.ജെ.പിക്ക് 25 സീറ്റില്‍ അധികം ലഭിക്കില്ലെന്നും സഖ്യത്തിന് 55 സീറ്റ് വരെയും കോണ്‍ഗ്രസിന് 9 സീറ്റ് വരെയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് നേതാക്കള്‍ പ്രചാരണം യുപിയില്‍ കേന്ദ്രീകരിക്കുന്നത്.

ഭര്‍ത്താക്കന്‍മാര്‍ പ്രധാനമന്ത്രിക്കടുത്ത് പോകുന്നത് ബി.ജെ.പി വനിതാ നേതാക്കള്‍ക്ക് ഭയമാണെന്ന ബി.എസ്.പി അധ്യക്ഷ മായാവതിയുടെ പരാമര്‍ശം അടക്കം ഉയര്‍ത്തിയാണ് ബി.ജെ.പി നേതാക്കളുടെ പ്രചാരണം. ഒപ്പം നേതാക്കളുടെ പ്രസ്താവനകള്‍ സൃഷ്ടിച്ച വിവാദവും ഏറെയാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന കമൽഹാസന്റെ പ്രസ്താവനയും ബി.ജെ.പിയെ ഭാരതീയ ജിന്ന പാർട്ടിയാണെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് വക്താവ് പവൻ ഖേരയുടെ നടപടിയും വിവാദമായിരിക്കുകയാണ്.

ഇതിനിടെ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യക്കെതിരെയും ബി.ജെ.പിയുടെ പ്രതിഷേധം ശക്തമാണ്. ഉയരുന്ന പ്രതിഷേധങ്ങള്‍ വോട്ടാക്കി മാറ്റാനാണ് ബി.ജെ.പിയുടെ ശ്രമം.