India National

മിലിട്ടറി പൊലീസിലേക്ക് ആദ്യമായി വനിതകളെ വിളിക്കുന്നു

മിലിട്ടറി പൊലീസിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിന് ആദ്യമായി പത്രപരസ്യം നല്‍കി സെെന്യം. സെെന്യത്തില്‍ സ്ത്രീകളെ ഉൾപ്പെടുത്താം എന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി മൂന്നു മാസത്തിന് ശേഷമാണ് സെെന്യത്തിന്റെ വിളി വന്നിരിക്കുന്നത്. പേഴ്സണല്‍ ബിലോ ഓഫീസര്‍ റാങ്കിലേക്കാണ് (പി.ബി.ഓ.ആര്‍) വനിതകളെ നിയമിക്കുന്നത്. റിക്രൂട്ട്മെന്‍റിന് അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്.

സെെസ്യത്തിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, പോലീസ് സഹായം ആവശ്യമുള്ള സൈനിക പ്രവർത്തനങ്ങൾ, ക്രോസ് ബോർഡർ യുദ്ധസമയത്ത് ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള സഹായങ്ങള്‍ എന്നിവയാണ് ഈ വിഭാഗത്തിന്റെ ചുമതലകള്‍. സ്ത്രീകളും കുട്ടികളും അടങ്ങുന്ന അഭയാർഥികളുടെ നിയന്ത്രണം, ഏറ്റുമുട്ടൽ സാഹചര്യങ്ങളിൽ തടവുകാരുടെ യുദ്ധ ക്യാമ്പുകളുടെ നടത്തിപ്പ് എന്നിവയും പി.ബി.ഓ.ആറിന്‍റെ ഉത്തരവാദിത്തങ്ങളാണ്.

യു.എൻ പ്രത്യേക മിഷന്റെ ഭാഗമായും പ്രവർത്തിക്കുന്ന മിലിട്ടറി പൊലീസ് കോംഗോ, സൊമാലിയ, റുവാണ്ട സിയറ ലിയോൺ എന്നീ രാജ്യങ്ങളിലും സേവനമനുഷ്ടിക്കേണ്ടതുണ്ട്.സേനയിലേക്ക് ഹൃസ്വ കാലത്തേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട വനിതാ ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമുണ്ടാകുന്നതായിരിക്കുമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ സ്ത്രീകളെ യുദ്ധരംഗത്തിറക്കാൻ സൈന്യം തയ്യാറെടുത്തിട്ടില്ലെന്ന് കരസേനാ മേധാവി ബിപിൻ റാവത് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. അവർക്ക് അനുയോജ്യമായ സൗകര്യങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയെ പാശ്ചാത്യ രാജ്യങ്ങളുടെ സൈന്യങ്ങളോട് താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.