നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാമൂഴം സാമ്പത്തികമായും സാമൂഹികമായും ഇന്ത്യയെ ലോകത്തെ മൂന്ന് വന്‍ശക്തികളിലൊന്നായി മാറ്റിയെടുക്കുന്നതായിരിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ടാം മോദി സര്‍ക്കാരിന്‍റെ നയപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ബാലാക്കോട്ടില്‍ നടന്ന സര്‍ജിക്കന്‍ സ്‌ട്രൈക്കിനെ പ്രശംസിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നത് വികസനത്തെ ത്വരിതപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു.
ശ്രീനാരായണ ഗുരുവിന്റെ അധ്യാപനത്തില്‍ നിന്നും എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്ന മാതൃകാരാജ്യമായിരിക്കും ഇന്ത്യയെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി. രാജ്യത്ത് ഇപ്പോള്‍ സമാപിച്ച തെരഞ്ഞെടുപ്പ് ജനപങ്കാളിത്തം കൊണ്ടും വനിതകളുടെ പ്രാതിനിധ്യം കൊണ്ടും ശ്രദ്‌ധേയമാണ്. സ്തുത്യര്‍ഹമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയ കമ്മീഷനെ പ്രശംസിച്ചു കൊണ്ട് ആരംഭിച്ച രാഷ്ട്രപതിയുടെ പ്രസംഗം മഹാത്മാഗാന്ധിയുടെ 150ആം ജന്‍മവാര്‍ഷികം ലോകമെങ്ങും ആഘോഷിക്കാന്‍ തയാറെടുക്കുന്നത് ഇരുസഭകളിലെയും അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. ഗാന്ധിജിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് രാജ്യത്തെ അവസാനത്തെ ദരിദ്രന്റെയും പ്രതീക്ഷക്കൊത്തുയരാന്‍ ഓരോ പാര്‍ലമെന്റംഗങ്ങളും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. 2022ഓടെ എല്ലാവര്‍ക്കും വീട്, വെള്ളം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ തന്റെ ഗവണ്‍മെന്റ് ഉറപ്പു വരുത്തും. ഇന്ത്യയുടെ സുരക്ഷക്ക് പ്രാമുഖ്യം നല്‍കും. ഭീകരരെയും അവരുടെ പ്രായോജകരെയും തന്റെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തലാഖ് ബില്ലിലൂടെ മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനും കശ്മീരിലെ ജനങ്ങള്‍ക്ക് വിസകനവും സുരക്ഷയും സമാധാനവും ഉറപ്പു വരുത്താനും തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രപതി പറഞ്ഞു. തെരഞ്ഞെടുപ്പ് ഏകീകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തന്റെ സര്‍ക്കാര്‍ തുടക്കം കുറിച്ചത് രാജ്യത്തിന്റെ വികസനത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
കര്‍ഷകര്‍, ദലിതര്‍, ആദിവാസികള്‍ തുടങ്ങി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പ്രതിസന്ധി നേരിട്ട ജനവിഭാഗങ്ങള്‍ക്കായി വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത് മോദി സര്‍ക്കാരിന്റെ നിലപാടുകളില്‍ മാറ്റം വരുന്നതിന്റെ സൂചനയാണ്. ഏറ്റുമുട്ടലിന് വഴിയൊരുക്കുന്ന വിഷയങ്ങള്‍ മാറ്റിനിര്‍ത്തിയതിലൂടെ സബ് കാ സാഥ് സബ് കാ വിശ്വാസ് സബ് കാ വിശ്വാസ് ഒരു മുദ്രാവാക്യമല്ല സര്‍ക്കാറിന്റെ ലക്ഷ്യമാണെന്ന് അടിവരയിടുകയാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.