India National

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്

ണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യമടക്കമുള്ള വലിയ വെല്ലുവിളികളാണ് മോദി സര്‍ക്കാരിന് മറികടക്കാനുള്ളത്. ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വാണിജ്യ മേഖലയിലുള്ളവര്‍.

രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. അതിനായി ചെലവ് വര്‍ധിപ്പിച്ച് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ വലിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ തന്നെ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായതും തൊഴിലില്ലായ്മ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും സര്‍ക്കാരിന് തിരിച്ചടിയാണ്. ഇതോടൊപ്പം കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വലിയ പരിഗണന ഈ ഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്. ഇതിനെല്ലാം പുറമെയാണ് രാജ്യത്ത് കിട്ടാക്കടം വര്‍ധിച്ച് വരുന്നത്. അധിക വിഭവ സമാഹരണത്തിനുള്ള നീക്കങ്ങളും സര്‍ക്കാര്‍ നടത്തണം.

ഇതിനായി 2015 നിര്‍ത്തലാക്കിയ സമ്പന്നര്‍ക്കുള്ള നികുതി അടക്കമുള്ളവ വീണ്ടും ഏര്‍പ്പെടുത്തുമെന്നുള്ള സൂചനകളും ഉയരുന്നുണ്ട്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണ് ഇത്. ഒപ്പം ഒരു മുഴുന്‍ സമയ വനിത മന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകത കൂടിയും നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിനുണ്ട്. . ഇന്നലെ പാര്‍ലമെന്റില്‍ വച്ച സാനപത്തീക സര്‍വേ റിപ്പോര്‍ട്ടില്‍ നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും എണ്ണവില കുറയുമെന്നും ‌അവകാശപ്പെട്ടിരുന്നു. 2025 ലേക്കുള്ള രൂപരേഖയാണ് സര്‍വ്വേ എന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത്.