India

ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി: സ്പെഷ്യല്‍ ഡിജിപിക്കെതിരെ കേസ്

ഔദ്യോഗിക വാഹനത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ തമിഴ്നാട് സ്പെഷ്യല്‍ ഡിജിപിക്കെതിരെ കേസെടുത്തു. ഡിജിപി രാജേഷ് ദാസിനെതിരെ സിബിസിഐഡിയാണ് കേസെടുത്തത്. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

ഫെബ്രുവരി 21ന് ഔദ്യോഗിക വാഹനത്തില്‍ വെച്ച് ഡിജിപി തന്നോട് മോശമായി പെരുമാറിയെന്നും താന്‍ കാറില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും ഐപിഎസ് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു. തിരുച്ചിറപ്പള്ളി – ചെന്നൈ ഹൈവേയിലായിരുന്നു സംഭവം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വാഹനവ്യൂഹം പോയതിന് പിന്നാലെ വിഐപി ഡ്യൂട്ടി കഴിഞ്ഞ് സ്‌പെഷ്യല്‍ ഡിജിപിയും സംഘവും ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. മുതിര്‍ന്ന ഓഫിസറെ സ്വീകരിക്കേണ്ട ചുമതല പരാതിക്കാരിക്കായിരുന്നു. സല്യൂട്ട് ചെയ്ത് വാഹന വ്യൂഹത്തിനൊപ്പം സഞ്ചരിക്കുകയാണ് പതിവ്. എന്നാല്‍ സ്‌പെഷ്യല്‍ ഡിജിപി, വനിതാ ഓഫിസറോട് തന്റെ കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.

കാര്‍ 40 മിനിറ്റ് സഞ്ചരിച്ചപ്പോള്‍ അടുത്ത പോയിന്‍റില്‍ നോര്‍ത്ത് സോണ്‍ ഐജിപി കെ ശങ്കര്‍, ഡിഐജി എം പാണ്ഡ്യന്‍, ഐപിഎസ് ഓഫിസര്‍ സിയാഉള്‍ ഹഖ് എന്നിവര്‍ ഡിജിപിയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയ ഉടന്‍ വനിതാ ഓഫിസര്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. അവരുടെ ഔദ്യോഗിക വാഹനം പിറകിലായിരുന്നതിനാല്‍ ഹഖിന്റെ വാഹനം അവര്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അവര്‍ അപ്പോള്‍ ആരോടും പറഞ്ഞില്ല. അടുത്ത ദിവസം തന്നെ ഡിജിപിക്കെതിരെ പരാതി നല്‍കാന്‍ പോകുന്നതിനിടെ എസ്പി ഡി കണ്ണന്‍റെ നേതൃത്വത്തില്‍ 150ഓളം പൊലീസുകാരെത്തി വഴി തടഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

വനിതാ ഐപിഎസ് ഓഫീസര്‍ ചെന്നൈയിലെത്തി ഡിജിപി ജെ കെ ത്രിപാഠിക്കും ആഭ്യന്തര വകുപ്പിനുമാണ് പരാതി നല്‍കിയത്. പിന്നാലെ രാജേഷ് ദാസിനെ സ്‌പെഷ്യല്‍ ഡിജിപി സ്ഥാനത്തുനിന്ന് നീക്കി. ആഭ്യന്തര വകുപ്പ് അന്വേഷണത്തിനായി 6 അംഗ സമിതിയെ നിയോഗിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചത്. പരാതി വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് രാജേഷ് ദാസിന്‍റെ വിശദീകരണം.

നേരത്തെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ രാജേഷ് ദാസിന് 2000 രൂപ പിഴ ചുമത്തിയിരുന്നു. 2004ല്‍ തന്‍റെ കീഴിലെ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സസ്പെന്‍ഷനും നേരിടേണ്ടി വന്നു.

രാജേഷ് ദാസിനെയും ഡി കണ്ണനെയും സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ ചെയ്യണമെന്ന് നിരവധി ഐപിഎസ് ഉദ്യോഗസ്ഥര്‍ ഐപിഎസ് ഓഫീസേഴ്സ് അസോസിയേഷനോട് ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്ന് അസോസിയേഷന്‍ അന്വേഷണ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.