ദേശീയ പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ മില്ലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് പ്രതി ചേര്‍ത്തു. പുതുതായി തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഏഴ് പേരാണ് പ്രതികള്‍. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും കേസില്‍ പ്രതിയാണ്.
ജാമിഅ വിദ്യാര്‍ഥികളായ ആസിഫ് ഇഖ്ബാല്‍, ചന്ദന്‍ കുമാര്‍, കാസിം എന്നിവരെയാണ് ഡല്‍ഹി പൊലീസ് പ്രതി ചേര്‍ത്തത്. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും ഉള്‍പ്പെടുന്നു. നേരത്തെ വിദ്യാർഥികൾക്കെതിരെ വ്യാപകമായി ഡല്‍ഹി പൊലീസ് എഫ്.ഐ.ആറുകളെടുക്കുന്നുവെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ വാദത്തെ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന എഫ്.ഐ.ആറിന്‍റെ കോപ്പികള്‍.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ജാമിഅ മില്ലിയയില്‍ സംഘര്‍ഷം ആരംഭിച്ചത്. സമാധാനമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് സംഘം ആക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ജാമിയ മില്ലിയയിലെ ലൈബ്രറിയിലടക്കം കയറി പൊലീസ് അക്രമം അഴിച്ച് വിട്ടിരുന്നു. ഡല്‍ഹി പൊലീസിന്‍റെ പ്രവൃത്തി ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്.