India National

ബലിപെരുന്നാളിലും ജമ്മുകാശ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍

ബലിപെരുന്നാള്‍ ദിനമായ ഇന്നും ജമ്മുകാശ്മീരില്‍ കടുത്ത നിരോധനാജ്ഞയും നിയന്ത്രണങ്ങളും തുടരുന്നു. നേരത്തെ ശ്രീനഗറിലെ വിവിധ മേഖലകളില്‍ നിരോധനാജ്ഞക്ക് നേരിയ ഇളവ് നല്‍കിയിരുന്നങ്കിലും ഇന്നലെ പോലീസ് അത് പിന്‍വലിച്ചു. കൂട്ടം കൂടി നില്‍ക്കാന്‍ അനുവാദമില്ലാത്തത് ഈദ് ഗാഹുകളെ ബാധിച്ചേക്കും.

പെരുന്നാള്‍ ആഘോഷത്തിന് കശ്മീരില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്. എന്നാല്‍, ശ്രീനഗറടക്കം വിവിധ മേഖലകളില്‍ ഇന്നലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ആളുകളോട് വീടുകളിലേക്ക് മടങ്ങാനും കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും സുരഷാ സേന മൈക്കിലൂടെ ആഹ്വാനം ചെയ്തു.

കടുത്ത നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളില്‍, ഇതോടെ പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കും ഈദ് ഗാഹുകള്‍ക്കും തിരിച്ചടി നേരിട്ടു. പെരുന്നാളിനോട് അനുബന്ധിച്ചുള്ള ബലി അറുക്കല്‍ ചടങ്ങ് വീടുകള്‍ക്ക് പുറത്ത് വച്ച് നടക്കില്ല. കര്‍ഫ്യൂവില്‍ രണ്ട് ദിവസം ഇളവ് ലഭിച്ചതോടെ ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കടകളും മാര്‍ക്കറ്റും തുറന്നിരുന്നു. ഇവ വീണ്ടും അടച്ച് പൂട്ടി. ഈദ്ഗാഹുകള്‍ വലിയ പ്രതിഷേധ പ്രകടനത്തിന്റെ തുടക്കമായേക്കാനുള്ള സാധ്യത മുന്‍ നിര്ത്തിയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതെന്നാണ് സൂചന.

കശ്മീരില്‍ സ്ഥിതി മോശമാണെന്നും ആളുകള്‍ മരിച്ച കൊണ്ടിരിക്കുയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളില്ലെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നും ജമ്മുകാശ്മീര്‍ പോലീസ് വിശദീകരിച്ചു. പ്രതിഷേധ പ്രകടനത്തിന് നേരെ വെടിവെപ്പുണ്ടായെന്ന ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്ത കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിഷേധിച്ചു. വിദേശമാധ്യമങ്ങള്‍ വ്യാജ റിപോര്‍ട്ടുകള്‍ ചമക്കുകയാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി.