കേന്ദ്ര ബജറ്റിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത സാമ്പത്തിക വിദഗ്ധരുടെ യോഗത്തിൽ ധനകാര്യമന്ത്രി നിർമലാ സീതാരാമൻ പങ്കെടുക്കാത്തതിൽ വിമർശനവുമായി പ്രതിപക്ഷം. ബജറ്റ് ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുമ്പോള്‍ അതിനു ചുക്കാന്‍ പിടിക്കേണ്ട ധനമന്ത്രി എവിടെയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. നീതി ആയോഗില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലും വ്യവസായ പ്രമുഖരുമായി നടത്തിയ ചർച്ചയിലുമാണ് നിർമല സീതാരാമൻ പങ്കെടുക്കാതിരുന്നത്.
ബി.ജെ.പിയുടെ ഒഴിവാക്കാനാവാത്ത യോഗം ഉണ്ടായിരുന്നതിനാലാണ് പ്രധാനമന്ത്രിയുടെ യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്നാണ് ഈ സംഭവത്തിൽ ധനമന്ത്രാലയത്തിന്റെ വിശദീകരണം. ഇതിനിടെ യോഗത്തിലെ നിർമല സീതാരാമന്റെ അസാന്നിധ്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.