India National

രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ ഗുരുതര മാന്ദ്യം; കണക്കുകള്‍ പുറത്ത്

ജി.ഡി.പിയിലെ ഇടിവ് വ്യക്തമായതിന് പിന്നാലെ രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ ഗുരുതര മാന്ദ്യമെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. ഇന്ത്യയിലെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ വളര്‍ച്ച 7.3 ശതമാനത്തില്‍ നിന്ന് 2.1 ലേക്ക് ഇടിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കല്‍ക്കരി , ക്രൂഡ് ഓയില്‍ അടക്കമുള്ള പ്രധാന വ്യവസായങ്ങളിലാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാകുന്നത്.

ഈ വര്‍ഷം ഏപ്രില്‍ മാസം മുതലാണ് രാജ്യത്തെ എട്ട് പ്രധാന വ്യവസായിക മേഖലകളിലെയും വളര്‍ച്ചക്ക് തിരിച്ചടിയേല്‍ക്കാന്‍ ആരംഭിച്ചത്. ഏപ്രിലില്‍ 5.8 ല്‍ നിന്ന് 5.2 ലേക്ക് താണു. മെയില്‍ 4.3 ശതമാനമായി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 7.3 ശതമാനമായിരുന്നു വളര്‍ച്ച ഈ വര്‍ഷം ജൂലൈയില്‍ 2.1 ലേക്ക് ഇടിഞ്ഞതായി കണക്കുകള്‍ പറയുന്നു. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടത്തിലെ വളര്‍ച്ച പരിഗണിക്കുമ്പോള്‍ ഈ എട്ട് വ്യവസായ രംഗവും വെറും മൂന്ന് ശതമാനമാണ് വളര്‍ച്ച നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തില്‍ ഇത് 5.9 ശതമാനമായിരുന്നു. എട്ട് രംഗങ്ങളില്‍ വച്ച് ക്രൂഡ് ഓയിലിനാണ് ഏറ്റവും തിരിച്ചടി നേരിട്ടത്.

ജൂലൈയില്‍ 4.4 ശതമാനത്തിന്റെ ഇടിവുണ്ടായി. കല്‍ക്കരി നിര്‍മ്മാണമാണ് രണ്ടാമത്തെ ഏറ്റവും മാന്ദ്യം നേരിട്ട മേഖല. കല്‍ക്കരി , ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് പ്രധാന വ്യവസായമായി കണക്കാക്കുന്ന എട്ടെണ്ണം. സ്റ്റീല്‍ 6.9 ല്‍ നിന്ന് 6.6 ഉം സിമന്റ് 11.2 ല്‍ നിന്ന് 7.9 ലേക്കും വൈദ്യുതി 6.7 ല്‍ നിന്ന് 4.2 ആയും ഇടിഞ്ഞിട്ടുണ്ട് ഇതില്‍ വളം നിര്‍മ്മാണം മാത്രമാണ് 1.3 ല്‍ നിന്ന് ജൂലൈയില്‍ 1.5 ലേക്ക് വളര്‍ന്നത് എന്ന് കണക്കുകള്‍ തെളിയിക്കുന്നു.

ആഭ്യന്തര വളര്‍ച്ച നിരക്ക് 5.8 ശതമാനത്തില്‍ നിന്ന് 5 ലേക്ക് ഇടിഞ്ഞത് രാജ്യം വലിയ മാന്ദ്യത്തിന്റെ നടുക്കാണെന്ന് വ്യക്തമാക്കുന്നതാണ് എന്നതായിരുന്നു കഴിഞ്ഞ ദിവസം മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അഭിപ്രായപ്രകടനം.