India National

ഫാത്തിമയുടെ മരണം; പിതാവ് വീണ്ടും ചെന്നൈയിൽ,മുഖ്യമന്ത്രിയെ കണ്ടേക്കും

മദ്രാസ് ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി ഫാത്തിമയുടെ പിതാവ് ലത്തീഫ് വീണ്ടും ചെന്നൈയിലെത്തി. നിലവിൽ കേസന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെയും മുഖ്യമന്ത്രിയെയും കാണാനാണ് കുടുംബം എത്തിയത്. ഇന്നലെ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കണ്ട ശേഷമാണ് ബന്ധുക്കൾ ചെന്നൈയിലെത്തിയത്.

കഴിഞ്ഞ ആഴ്ച ഫൊറൻസിക് വിഭാഗത്തിന്റെ സമൻസ് ലഭിച്ച പ്രകാരം എത്തിയ ഫാത്തിമയുടെ പിതാവ് ലത്തീഫും കുടുംബവും വീണ്ടും എത്തുന്നത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ കാണുക എന്ന ലക്ഷ്യത്തോടെയാണ്. നിലവിൽ കേസന്വേഷിയ്ക്കുന്ന സംഘത്തെ ഒരിയ്ക്കൽ കൂടി കാണും. കഴിഞ്ഞ ദിവസം എത്തിയപ്പോൾ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഫാത്തിമയുടെ മൊബൈൽ പരിശോധിച്ച ഫൊറൻസിക് വിഭാഗം ഫോണിൽ വാൾപേപ്പറായി ഇട്ടിരുന്ന ആത്മഹത്യ കുറിപ്പ് മരിയ്ക്കുന്നതിന് മുൻപ് ഫാത്തിമ തന്നെ എഴുതിയതാണെന്ന് കണ്ടെത്തി കോടതിയെ അറിയിച്ചിരുന്നു. കേസ് സി.ബി.ഐയ്ക്ക് കൈമാറാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം പിതാവ് ലത്തീഫ് മാധ്യമങ്ങളെ അറിയിച്ചത്.

മകളുടെ മരണത്തിൽ പങ്കുള്ള ഏഴ് സഹപാഠികളുടെ വിവരങ്ങൾ കൂടി കൈവശമുണ്ടെന്ന് ലത്തീഫ് ഇന്നലെ പറഞ്ഞിരുന്നു. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ് എടുത്തിരിയ്ക്കുന്നത്. കൊലപാതകം എന്ന രീതിയിൽ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.