India National

സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തിഫ് മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി. റിപ്പബ്ലിക്കന്‍ പാര്‍‌ട്ടി പ്രസിഡന്‍റും കേന്ദ്ര സാമൂഹ്യ നീതിവകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്തെവാലെയാണ് കേസില്‍‌ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രി എടപടി പളനിസാമിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആരോപണ വിധേയനായ മദ്രാസ് ഐ.ഐ.ടിയിലെ അധ്യാപകനായ സുദര്‍ശന്‍ പത്മഭനാഭന് ക്യാംമ്പസ് വിട്ടു പുറത്തു പോകരുതെന്ന് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇയാളെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ക്യാമ്പസില്‍ പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്.

അതേസമയം മരിച്ച ഫാത്തിമയുടെ പിതാവിന്‍റെയും ബന്ധുക്കളുടേയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ കുടുംബം അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം. എന്നാല്‍ കേസിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തി പറഞ്ഞു.