ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മനഃസാക്ഷിക്കു മുന്നില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി എക്കാലവും ഒരു നീറുന്ന ഓര്‍മയായിരിക്കുമെന്നും ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാദര്‍ സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായും ,എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് വിടപറയുന്നതെന്നും സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഗവേണിങ്ങ് ബോഡി ഫാ .സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു അഭിപ്രായപ്പെട്ടു .
ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് മരണം സംഭവിച്ചത്. എന്നാല്‍ സ്റ്റാന്‍ സ്വാമിക്ക് ചികിത്സ നല്കാന് വൈകിയെന്ന് അഭിഭാഷകന് അറിയിച്ചു.വിവരം കേട്ട ബോംബെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജഡ്ജി ജസ്റ്റിസ് എസ് എസ് ഷിൻഡെ ഇങ്ങനെ പ്രതികരിച്ചു. ”അദ്ദേഹത്തിന്റെ മരണവാർത്ത കേട്ട് അക്ഷരാർത്ഥത്തിൽ ഞങ്ങൾ സ്തബ്ധരാണ്. ഏറ്റവുമൊടുവിൽ നടന്ന വിചാരണയിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ആശുപത്രിയിൽത്തന്നെ ചികിത്സ തുടരാൻ ഞങ്ങളനുവദിച്ചിരുന്നു. ഞങ്ങൾക്ക് പറയാൻ വാക്കുകളില്ല”.
84 വയസുള്ള വൈദികനെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോവിഡ് ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പൂര്‍വാധികം വഷളായിട്ടും യഥാസമയം ചികിത്സ നല്കുന്നതില് പരാജയപ്പെട്ടു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കിടെയാണ് അന്ത്യം. കടുത്ത ശ്വാസ തടസത്തേയും ഓക്സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മെയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു അദ്ദേഹം.
കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്.
സര്‍ക്കാറുകള്‍ ദളിതര്‍ക്കെതിരെ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു സ്റ്റാന്‍ സ്വാമി..വെറും ആരോപണങ്ങൾ മാത്രം ഉന്നയിച്ചുകൊണ്ടു UAPA ചുമത്തി ഈ മനുഷ്യനെ അതും ഒരു വൈദികനെ പീഡിപ്പിച്ചതിന് ,ഭരണസംവിധാനത്തോടൊപ്പം ഇവിടുത്തെ ജനങ്ങൾകൂടി ഉത്തരവാദികളാണ്… ലോകം കണ്ട ഏറ്റവും വലിയ ക്രൂരത ചെയ്ത ഭരണാധികാരി എന്ന പട്ടം ഹിറ്റ്ലറിന്റെ പേരിലാണ്… അത് ഇന്ത്യയിൽ മാറ്റി കുറിച്ചേക്കാം.
തൻ്റെ ജീവിതകാലം മുഴുവനും ആദിവാസികയുടെയും പാവങ്ങളുടെയും ഉന്നമനത്തിനും അവരുടെ ആരോഗ്യ വിദ്യാഭ്യാസ പുരോഗതിക്കുമായി പ്രവർത്തിച്ച് അവസാനം മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ട് ജയിലിൽ നിരാലംബനായി കഴിഞ്ഞ ഒരു വിശുദ്ധ മിഷിനറി, ഈ പാവം വന്ദ്യ വൈദികനെ നിഷ്കരുണം ക്രൂശിച്ചപ്പോൾ ഈ ഭരണകൂടം എന്തു നേടി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു ..ആ പുണ്യാത്മാവിന് ഹലോ ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന്റെ ആദരാഞ്ജലികൾ പ്രാർത്ഥനാപൂർവ്വം നേരുന്നു.