തമിഴ്മീഡിയം സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി ഐ.ഐ.ടിയില്‍ നിന്നും പി.എച്ച്.ഡി വരെ നേടി ഇപ്പോള്‍ ഐ.എസ്.ആര്‍.ഒയുടെ തലപ്പത്തെത്തിയയാളാണ് കൈലാസവടിവു ശിവന്‍. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ തലപ്പത്തുള്ളയാളും കെ ശിവന്‍ തന്നെ. കഷ്ടപ്പാടുകള്‍ക്ക് പഞ്ഞമില്ലാത്ത കുട്ടിക്കാലമാണ് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ‘ഉറങ്ങാത്ത ശാസ്ത്രജ്ഞന്‍’ എന്ന് വിളിപ്പേരുള്ള കെ.ശിവനെ രൂപപ്പെടുത്തിയത്.
കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള കന്യാകുമാരിയിലെ തരക്കന്‍വിളയില്‍ കര്‍ഷകകുടുംബത്തിലാണ് കെ ശിവന്‍ ജനിച്ചത്. ഗ്രാമത്തിലെ തമിഴ് മീഡിയം സ്‌കൂളില്‍പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്തൊന്നും ചെരിപ്പ് ധരിച്ചിരുന്നില്ല നാഗര്‍കോവില്‍ ഹിന്ദു കോളജില്‍ ബിരുദത്തിന് ചേര്‍ത്തതിന് പിന്നിലും ഒരു കാരണമുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘വീടിനടത്തുള്ള കോളജില്‍ ചേര്‍ത്തതില്‍ മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു. ഒഴിവുസമയത്ത് പിതാവിനെ കൃഷിയില്‍ സഹായിക്കാം എന്നതായിരുന്നു അതില്‍ പ്രധാനം’ ഇസ്രോ ചെയര്‍മാന്‍ പറയുന്നു.
ബിരുദത്തിന് ബി.എസ്.സി മാത്സില്‍ 100 ശതമാനം മാര്‍ക്ക് വാങ്ങിയതോടെയാണ് മകന്റെ പഠനത്തെ പിതാവ് ഗൗരവമായി കാണുന്നത്. ഇതോടെ മദ്രാസ് എം.ഐ.ടിയില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംങിന് ചേര്‍ന്നു. അപ്പോഴാണ് ആദ്യമായി പാന്റ് ധരിച്ചതെന്നും അദ്ദേഹം ഓര്‍ക്കുന്നു. ബംഗളൂരു ഐഐ.എസ്.സിയില്‍ നിന്നും 1982ല്‍ എയറോസ്‌പേസ് എഞ്ചിനീയറിംങില്‍ ബിരുദാനന്തര ബിരുദവും മുംബൈ ഐ.ഐ.ടിയില്‍ 2006ല്‍ പി.എച്ച്.ഡിയും ശിവന്‍ സ്വന്തമാക്കി.
1983ലാണ് ശിവന്‍ ഐ.എസ്.ആര്‍.ഒയിലെത്തുന്നത്. മൂന്ന് പതിറ്റാണ്ട് തിരുവനന്തപുരത്തെ വി.എസ്.എസ്.സിയില്‍ വിവിധ റോക്കറ്റ് പ്രോഗ്രാമുകളുടെ ഭാഗമായി. വി.എസ്.എസ്.സി ഡയറക്ടറായും സേവനമനുഷ്ടിച്ച അദ്ദേഹം പലപ്പോഴും പാതിരാത്രിക്കു ശേഷമാകും ഓഫീസില്‍ നിന്നും മടങ്ങുക. 2017 ഫെബ്രുവരി 15ന് 104 സാറ്റലൈറ്റുകളെ ഒറ്റ ദൗത്യത്തില്‍ വിക്ഷേപിച്ച് റെക്കോഡിട്ടപ്പോഴും തലപ്പത്ത് കെ ശിവനായിരുന്നു. ക്രയോജനിക് എഞ്ചിന്‍, പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി, ആര്‍.എല്‍.വി(റിയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍) എന്നിവയുടെ നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്.
ജൂലൈ 14ന് നിശ്ചയിച്ചിരുന്ന ചാന്ദ്രയാന്‍ 2വിന്റെ വിക്ഷേപണം സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയിരുന്നു. 24 മണിക്കൂറിനകം തകരാര്‍ പരിഹരിക്കുകയും ജൂലൈ 22ന് വിക്ഷേപണം നിശ്ചയിക്കുകയും ഇത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.