India National

മാർച്ച് വരെ നീട്ടില്ല; ജനുവരി മുതൽ ഫാസ്ടാഗ് നിർബന്ധം

ഫാസ്ടാഗ് വാഹനങ്ങളിൽ നിർബന്ധമാക്കുന്നത് മാർച്ച് വരെ നീട്ടണം എന്ന നിർദേശം തള്ളി. 2021 ജനുവരി മുതലാണ് ഫാസ്ടാഗ് നിർബന്ധമാകും.

വിവിധ സംസ്ഥാനങ്ങളെ കേന്ദ്രം ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചു. ഇപ്പോൾ ദേശീയ പാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണെന്ന് കേന്ദ്രം അറിയിച്ചു. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളുടെ അപേക്ഷകൾക്ക് പ്രസ്‌ക്തി ഇല്ലെന്നും കേന്ദ്രസർക്കാർ പറഞ്ഞു.

ഏത് ടോൾ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്. വാഹനങ്ങളിൽ ഒട്ടിക്കുന്ന ഒരു റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സ്റ്റിക്കറാണിത്. വിൻഡ് സ്‌ക്രീനിൽ ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോൾ പ്ലാസയിലൂടെ കടന്നു പോകുമ്പോൾ തനിയെ ടോൾ ശേഖരിക്കപ്പെടുന്നു. വാഹനം നിർത്തി ടോൾ കൊടുക്കേണ്ട ആവശ്യമില്ല. ടോൾ പ്ലാസയിലെ സംവിധാനം ഇലക്ട്രോമാഗ്‌നെറ്റിക് ഫ്രീക്വൻസി ഉപയോഗിച്ച് വണ്ടിയുടെ വിവരവും, പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് പൈസയും എടുക്കുന്നു.

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഫാസ്ടാഗ് ഏറ്റവും കൂടുതൽ വിതരണം ചെയ്തത് പേടിഎം പേയ്‌മെന്റ് ബാങ്ക് വഴിയാണ്.