ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്യാനുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെ വിഷയത്തില്‍ നിര്‍ണായക യോഗം ചേരാന്‍ കര്‍ഷക സംഘടനകള്‍. നാളെ സിംഗുവിലാണ് യോഗം. സുപ്രിംകോടതി രൂപീകരിച്ച പ്രത്യേക സമിതിയോട് സഹകരിക്കണോ വേണ്ടയോ എന്നതില്‍ നാളെ തീരുമാനമുണ്ടാകും.
നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലെങ്കില്‍ ഈ മാസമവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കണം. റിപബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച സമാന്തര പരേഡുമായി മുന്നോട്ടു പോകാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.
നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിയൊരു വിധിയുണ്ടാകുന്നതു വരെ നിയമം നടപ്പാക്കരുത് എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. പ്രശ്‌നത്തിന് പരിഹാരം കാണാനായി സമിതിയെയും കോടതി നിയോഗിച്ചു.
ഹര്‍മിസ്രത് മന്‍, കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി, നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധനാവത് എ്ന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള അധികാരം സുപ്രിംകോടതിക്ക് ഉണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി സമിതി രൂപീകരിക്കുമെന്നും വാദത്തിനിടെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.