മന്ത്രിതല സമിതിയുമായി കർഷക സംഘടനകൾ നടത്തിയ ചർച്ച പരാജയം. ഡൽഹി ചലോ മാർച്ചുമായി കർഷക സംഘടനകൾ മുന്നോട്ട്. താങ്ങുവില സംബന്ധിച്ച് തീരുമാനത്തിലെത്താതിരുന്നതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. നാളെ രാവിലെ 10 മണിക്ക് 2,500 ഓളം ട്രാക്ടറുകളുമായി മാർച്ച് നടത്തും.
ദില്ലിച്ചാലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ സർക്കാർ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ചണ്ഡിഗഡിൽ യോഗം വിളിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായി എന്നിവരാണ് സംയുക്ത കിസാൻ മോർച്ച നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുമായി ചർച്ച നടത്തിയത്. ഉന്നയിച്ച ഒൻപതാവശ്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നായിരുന്നു കർഷകസംഘടനകളുടെ നിലപാട്. മന്ത്രിതല സമിതിയുമായി നടത്തിയ ചർച്ചയിൽ കർഷകരുടെ ആവശ്യത്തിൽ ധാരണയിലെത്തിയില്ല.
അതേസമയം, കർഷക പ്രതിഷേധത്തെ നേരിടാൻ ഡൽഹി പൊലീസും തയ്യാറെടുപ്പുകൾ നടത്തി. ഹരിയാന അതിർത്തി ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. സിംഘു, ടിക്രി അതിർത്തികളിൽ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള അതിർത്തികളിൽ ട്രക്ക്,ട്രാക്ടർ,ട്രോളി തുടങ്ങിയവയ്ക്ക് മാർച്ച് 11 വരെ നിയന്ത്രണം ഏർപ്പെടുത്തി. കർഷക പ്രതിഷേധത്തെ നേരിടാൻ ഹരിയാന പോലീസ്, കോൺക്രീറ്റ് ബാരിക്കേഡുകളും കമ്പിവേലികളും, ഇരുമ്പാണികളും അടക്കമുള്ള റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ മറികടക്കാൻ ക്രൈയിനുകൾ അടക്കമുള്ള സജ്ജീകരണങ്ങളുമായാണ് കർഷകർ ഡൽഹി ചലോ പ്രക്ഷോഭത്തിന് തയ്യാറെടുത്തിരിക്കുന്നത്.