കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള രണ്ടായിരത്തോളം വനിതകൾ ഇന്ന് മുതൽ സമരത്തിന്റെ ഭാഗമാകും. അതിനിടെ സമരത്തിന് കേന്ദ്ര സർക്കാർ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ബി.ജെ.പി കർഷക സമരത്തിനെതിരെ നടത്തുന്ന പ്രചരണ പരിപാടി ഇന്ന് തുടങ്ങും.
കർഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് സംഘടനകൾ. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഗു, ശംഭു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിലേക്ക് കൂടുതൽ കർഷകർ എത്തിക്കൊണ്ടിരിക്കുകയാണ്. പുതുതായി എത്തുന്ന വനിതാ പ്രതിനിധികൾക്ക് പ്രത്യേക സൗകര്യം സിംഗു അതിർത്തിയിൽ ഒരുക്കി. ഡൽഹി- ആഗ്ര, ഡൽഹി-ജയ്പൂർ ദേശീയ പാതകൾ ഉപരോധിച്ചുള്ള സമരം ഇന്നും തുടരും.
ജയ്സിംഗ്പൂർ – ഖേര അതിർത്തിയിൽ രാജസ്ഥാനിൽനിന്നുളള കർഷകർ പ്രതിഷേധം തുടരുകയാണ്. ഇവരെ ഡൽഹിയിലേക്ക് ഹരിയാന പോലീസ് കടത്തി വിട്ടില്ല. അതേസമയം നിയമത്തെ അനുകൂലിക്കുന്ന കർഷക സംഘടനകളെ ഒരുമിച്ച് നിർത്തി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ . ഇതിന്റെ ഭാഗമായി ബി.ജെ.പി വിളിച്ച കർഷകരുടെ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. നിയമം കർഷകർക്ക് ഗുണകരമാണെന്ന് വിശദീകരിക്കാനാണ് യോഗം.
ഓൾ ഇന്ത്യ കിസാൻ കോർഡിനേഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട 10 സംഘടന നേതാക്കളുമായി കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇത്തരം ചർച്ചകൾ ഇനിയുണ്ടാകുമെന്ന് സൂചന.
റോഡ് തടസ്സപ്പെടുത്തിയുള്ള സമരം മെഡിക്കല്‍ അത്യാഹിത സര്‍വീസുകള്‍ക്ക് തടസ്സമാകുമെന്നും ആളുകള്‍ വലിയ രീതിയില്‍ തടിച്ചുകൂടുന്നത് കോവിഡ് സമൂഹ വ്യാപനത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ഓം പ്രകാശ് പരിഹര്‍ നൽകിയ പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.