India

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് റാലി നടത്തും.

നാളെ കൊല്‍ക്കത്തയിലും മറ്റന്നാള്‍ സിംഗൂരിലും അസന്‍സോളിലും കര്‍ഷക സംഘടനകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരായ പ്രചാരണമാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തു വന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ വേട്ടയാടുമെന്ന് ഭയന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം ഇന്ന് 107ാം ദിവസത്തിലേക്ക് കടന്നു.