കാർഷിക നിയമങ്ങള്‍ക്ക് എതിരായ ഡല്‍ഹി അതിർത്തികളിലെ കർഷക സമരം നൂറാം ദിവസത്തിലേക്ക്. റിപ്പബ്ലിക് ദിന സംഘർഷത്തിന് ശേഷം ഇതുവരെയും സർക്കാർ കർഷകരുമായി ചർച്ചക്ക് തയ്യാറായിട്ടില്ല. അതിശൈത്യത്തില്‍ സമര പന്തലില്‍ 108 കർഷകർ മരിച്ചതായി സംയുക്ത കിസാന്‍ മോർച്ച അറിയിച്ചു.
അതിശൈത്യത്തെ അതിജീവിച്ച് ഡല്‍ഹി അതിർത്തികളില്‍ സമരം തുടരുന്ന കർഷകർ വരാനിരിക്കുന്ന കൊടും ചൂടിനെ മറികടക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിർത്തിയില്‍ നൂറോളം ബോർവെല്ലുകള്‍ കുത്തി. 40,00 കൂളറുകള്‍ ടെന്‍റുകളില്‍ ക്രമീകരിച്ചു, സോളാർ പാനലുകളും സ്ഥാപിച്ചു.
നവംബർ 27നാണ് ഡല്‍ഹി അതിർത്തികളിലേക്ക് കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയർത്തി കർഷകർ എത്തിയത്. ഇടക്കെത്തിയ മഴയിലും അതിശൈത്യത്തിലും നൂറിലധികം കർഷകർക്ക് ജീവന്‍ നഷ്ടമായി. സർക്കാരുമായി 11ാം വട്ടം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രശ്ന പരിഹാരത്തിനായി സുപ്രിം കോടതി നിയോഗിച്ച സമിതിയെ അംഗങ്ങള്‍ ബി.ജെ.പി ബന്ധമുള്ളവരെന്ന് ആരോപിച്ച് കർഷകർ തള്ളി.
റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷങ്ങള്‍ സമരത്തിന്‍റെ പ്രതിച്ഛായ തകർത്തെങ്കിലും ഗാസിപൂരിലെ സമരഭൂമി ഒഴിപ്പിക്കല്‍ നീക്കങ്ങളും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികത്തിന്‍റെ പ്രതിരോധവും സമരാവേശം വർധിപ്പിച്ചു. മഹാപഞ്ചായത്തുകള്‍ രാജ്യവ്യാപകമായി. നൂറാം ദിവസത്തിന്‍റെ ഭാഗമായി രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ് ഇന്ന് കർഷകർ. കുണ്ട്ലി – മനേസർ – പൽവാൽ ഹൈവേയില് രാവിലെ 11 മുതൽ 5 മണിക്കൂർ വാഹനം തടയും. ടോൾ പ്ലാസകളിലെ ടോൾ പിരിവും അനുവദിക്കില്ല. കർഷക സമരത്തില്‍ നിന്നും നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധ തിരിയുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം ഉയർത്താനാണ് സംയുക്ത കിസാന്‍ മോർച്ചയുടെ തീരുമാനം.