India National

കർഷകരുമായി ഇന്ന് എട്ടാംവട്ട ചർച്ച; നിയമം പിൻവലിക്കണമെന്നാവര്‍ത്തിച്ച് കര്‍ഷകര്‍

കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം ഘട്ട ചർച്ച ഇന്ന് നടക്കും. മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കുന്ന കാര്യത്തിൽ ആദ്യം ചർച്ച വേണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിയമം നടപ്പിലാക്കുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന പുതിയ ഫോർമുല കേന്ദ്ര സർക്കാർ ഇന്ന് മുന്നോട്ട് വെക്കും.

ഡൽഹിയുടെ വിവിധ അതിർത്തികളിൽ കർഷകരുടെ സമരം 44 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് സർക്കാരുമായുള്ള എട്ടാം വട്ട ചർച്ച. മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കുന്ന കാര്യം ചർച്ചയുടെ ആദ്യ അജണ്ടയാക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന നിലപാട് കേന്ദ്ര സർക്കാർ യോഗത്തിൽ മുന്നോട്ട് വെക്കും. എന്നാൽ കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന് കർഷക സംഘടന നേതാക്കൾ പറയുന്നു. ഇന്നത്തെ ചർച്ച പരാജയപ്പെട്ടാൽ റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിക്കകത്ത് ട്രാക്ടർ പരേഡ് നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ച കഴിഞ്ഞു 2 മണിക്കാണ് യോഗം.