India

‘കർഷക പ്രക്ഷോഭം ഗതാഗതക്കുരുക്കിനു കാരണമാകുന്നു’; പൊതുതാത്പര്യഹർജി ഇന്ന് പരിഗണിക്കും

കർഷക പ്രക്ഷോഭം കാരണം ഡൽഹി അതിർത്തിയിൽ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗർവാൾ സമർപ്പിച്ച പൊതുതാൽപര്യഹർജി, ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കർഷക സമരത്തിന്റെ പേരിൽ ഗതാഗതം തടസപ്പെടരുതെന്നാണ് കോടതി നിലപാട്.

ഗതാഗത പ്രശ്നത്തിന് കേന്ദ്രസർക്കാരും, ഉത്തർപ്രദേശ്-ഹരിയാന സർക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് കോടതി കഴിഞ്ഞതവണ നിർദേശം നൽകിയിരുന്നു. സിംഗു അതിർത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സർക്കാർ വിളിച്ച യോഗം കർഷക സംഘടനകൾ ബഹിഷ്‌ക്കരിച്ചിരുന്നു. ഡൽഹിയിലെയും ഹരിയാനയിലെയും പൊലീസാണ് റോഡുകൾ അടച്ചിട്ടിരിക്കുന്നതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.