India National

കര്‍ഷക സമരം തബ്‌ലീഗ് സമ്മേളനത്തിന്റെ പകര്‍പ്പ് ആകരുത്; സുപ്രിംകോടതി

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന നിരീക്ഷണവുമായി സുപ്രിംകോടതി. സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു നിരീക്ഷണം. എന്താണ് സംഭവിക്കുന്നത് എന്ന് പറയണം എന്നാണ് ബഞ്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടത്.

കോവിഡ് 19 മഹാമാരിക്കിടെ കഴിഞ്ഞ വര്‍ഷം നടന്ന നിസാമുദ്ദീന്‍ മര്‍കസ് സമ്മേളനത്തില്‍ നിന്ന് സര്‍ക്കാര്‍ എന്താണ് പഠിച്ചത്? സമാന സാഹചര്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. മുന്‍കരുതല്‍ സ്വീകരിച്ചില്ല എങ്കില്‍ സമരം കോവിഡ് വ്യാപനത്തിന് കാരണമാകും

സുപ്രിംകോടതി

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്. കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ച മുന്‍കരുതലുകളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബഞ്ച് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

സെപ്തംബറില്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. മൂന്നു നിയമവും പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷക പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ നിരവധി കൂടിക്കാഴ്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു.