India

ഭിന്നതകള്‍ക്കിടെ യോഗം; സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ കമ്മിറ്റി ഇന്ന്

ഡല്‍ഹി അതിര്‍ത്തികളിലെ സമരത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം പഞ്ചാബിലെ ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ ശക്തമാക്കുന്നതിനിടെ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും. സിംഗുവിലാണ് കോര്‍ കമ്മിറ്റി യോഗം ചേരുന്നത്. നാല്പത് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. ഡിസംബര്‍ നാലിന് ചേരാനിരിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ചേരുന്നതിന്റെ അജണ്ട സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളാണ് ഇന്ന് യോഗത്തിലുണ്ടാകുക.

കര്‍ഷക സമരത്തിന്റെ ഭാഗമായി മൂന്ന് വിഷയങ്ങള്‍ സംബന്ധിച്ച് അടിയന്തര തീരുമാനം കര്‍ഷക സംഘടനകള്‍ക്ക് സ്വീകരിക്കേണ്ടതുണ്ട്. പഞ്ചാബില്‍ നിന്നുള്ള 32ഓളം സംഘടനകള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തികളിലെ സമരം തുടര്‍ന്നാല്‍ ജനവികാരം എതിരാകും എന്ന അഭിപ്രായമാണ് ഈ സംഘടനകള്‍ക്കുള്ളത്.

അതേസമയം നിയമങ്ങള്‍ പിന്‍വലിച്ചതിനൊപ്പം കര്‍ഷകര്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കുന്നത് വരെ സമരം തുടരണമെന്ന നിലപാടിലാണ് ഭാരതീയ കിസാന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍. മിനിമം താങ്ങുവില ഉള്‍പ്പെടെ കര്‍ഷകരുടെ മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സമിതിയിലേക്ക് കര്‍ഷകരുടെ ഭാഗത്ത് നിന്ന് അഞ്ച് അംഗങ്ങളെ തീരുമാനിക്കാനും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തിലും ഇന്ന് കോര്‍ കമ്മിറ്റിയില്‍ തീരുമാനമെടുക്കും.