India

കര്‍ഷക സമരം: ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

മരണത്തിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. കരംവീര്‍ സിങ്ങിന്റെ മരണത്തോടെ സമരം ചെയ്യുന്ന കര്‍ഷകരില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏഴായി.

ഡൽഹി അതിർത്തിയായ തിക്രിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ജിന്ദ് സ്വദേശിയായ കരം വീർ സിങാണ് മരിച്ചത്. മരണത്തിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. കരംവീര്‍ സിങ്ങിന്റെ മരണത്തോടെ സമരം ചെയ്യുന്ന കര്‍ഷകരില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏഴായി. ഡല്‍ഹി അതിർത്തികളിലെ സമരം 75ാം ദിവസത്തിലേക്ക് കടക്കവെയാണ് തിക്രിയിൽ ഒരു കർഷകന്‍ കൂടി ആത്മഹത്യ ചെയ്തത്.

അതേസമയം ട്രാക്ടർ റാലി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസുമായുള്ള ധാരണ ലംഘിച്ചതിന് ആസാദ് കിസാൻ കമ്മിറ്റി – ദൗബ, ബി.കെ.യു ക്രാന്തികാരി എന്നീ സംഘടനകളെ സംയുക്ത കിസാന്‍ മോർച്ച സസ്പെന്‍ഡ് ചെയ്തു. ജനുവരി 26ലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ റൂട്ട് മാപ്പ് ഇവര്‍ ലംഘിച്ചുവെന്നും ഇതേ തുടര്‍ന്നാണ് ചിലയിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായതെന്നുമാണ് കിസാന്‍ സംയുക്ത മോര്‍ച്ച വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിസാന്‍ സംയുക്ത മോര്‍ച്ചയില്‍ നിന്ന് ഈ രണ്ടു സംഘടനകളെ പുറത്താക്കിയിരിക്കുന്നത്.

അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം പൂർണമായി അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചിരുന്നു.