കേന്ദ്രസര്‍ക്കാരുമായുള്ള രണ്ടാം ഘട്ട ചര്‍ച്ച പരാജയപ്പെട്ടെങ്കിലും നിരാശപ്പെടാതെ തളരാത്ത പോരാട്ട വീര്യവുമായി കര്‍ഷകര്‍ സമരം തുടരുകയാണ്. കൊടുംതണുപ്പൊന്നും അവരുടെ നിശ്ചയദാര്‍ഢ്യത്തിന് വിലങ്ങുതടിയാകുന്നില്ല. പരിമിതമായ അവസ്ഥകളെ സൌകര്യങ്ങളാക്കി മാറ്റുകയാണ് ഇവര്‍. ഉറങ്ങാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ അവര്‍ തന്നെ മാര്‍ഗങ്ങളുണ്ടാക്കിയിട്ടുണ്ട്.
ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകരുടെ ജീവിതരീതിയും സമരവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വലിയ ട്രക്കുകളില്‍ വലിയ തടിപ്പലകകള്‍ കൂട്ടി യോജിപ്പിച്ച് രണ്ട് തട്ടുകളിലായി കിടക്കാനുള്ള സൌകര്യം അവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. രാത്രിയില്‍ നാല്‍പതോളം പേര്‍ ഈ തടിപ്പലകകളിലാണ് ഉറങ്ങുന്നത്. അര ഡസനോളം പേര്‍ ട്രക്കിനടിയിലും അന്തിയുറങ്ങുന്നു. കുറച്ചകലെയായി പുല്ല് കൊണ്ട് ഉണ്ടാക്കിയ മൂന്ന് സോഫകള്‍ ട്രക്കിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതി വേണ്ടിയാണിത്. ”പുല്ലു കത്തിച്ച് മലിനീകരണമുണ്ടാക്കുന്നുവെന്നായിരുന്നു ഞങ്ങള്‍ക്കെതിരെയുള്ള പരാതി. അതിനാൽ, അവയെ സോഫ സെറ്റുകളാക്കി മാറ്റാൻ ഞാൻ ഒരു യന്ത്രം വാങ്ങി, ”പഞ്ചാബിലെ മൊഗയിൽ നിന്നുള്ള കർഷകനായ നവതേഷ് സിംഗ് പറഞ്ഞു.
ഈ ട്രക്കുകളിൽ ഭൂരിഭാഗവും വലിയ ബാറ്ററികളോടു കൂടിയതാണ്. ഇവയില്‍ ചാർജിംഗ് പോയിന്‍റുകളും ഉണ്ട്. ഇവ ഉപയോഗിച്ചാണ് കർഷകരുടെ മൊബൈൽ ഫോണുകൾ ചാര്‍ജ്ജ് ചെയ്യുന്നത്. ചാർജ് ചെയ്യുന്നതിനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയാകുന്നതോടെ ട്രക്ക് മുഴുവന്‍ പ്രകാശപൂര്‍ണമാകും. തങ്ങളുടെ ട്രക്കുകള്‍, ട്രാക്റുകള്‍, ട്രോളികള്‍ എന്നിവ വീടുകളാക്കി മാറ്റിയ കര്‍ഷകരുടെ ഏറ്റവും കുറഞ്ഞ സജ്ജീകരണങ്ങളാണിത്. ” ഈ ട്രക്കുകളാണ് ഞങ്ങളുടെ കിടപ്പുമുറികള്‍, റോഡ് സൈഡുകള്‍ അടുക്കളയും. ഉള്ള സൌകര്യത്തില്‍ താല്‍ക്കാലിക വാഷ് റൂം വരെ ഞങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. എയര്‍ കണ്ടീഷനര്‍ എന്ന സൌകര്യം മാത്രമാണ് ഇല്ലാത്തത്” നവതേഷ് പറഞ്ഞു.
ദീര്‍ഘകാലത്തേക്കുള്ള ഭക്ഷണവുമായാണ് കര്‍ഷകര്‍ സമരത്തിനെത്തിയിരിക്കുന്നത്. അടുക്കളയും ഭക്ഷ്യവസ്തുക്കളും പുറമെ ദൃശ്യമാകുന്നതിനെക്കാള്‍ കൂടുതല്‍ അവര്‍ കരുതിയിട്ടുണ്ട്. സിംഘു അതിര്‍ത്തിയിലും തിക്രി അതിര്‍ത്തിയിലും രണ്ട് ട്രോളികളുള്ള ട്രാക്ടറുകളുണ്ട്. ഇവയില്‍ ഒന്ന് ബെഡ് റൂമായും മറ്റൊന്ന് പലചരക്ക് സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ റൂമായും ഉപയോഗിക്കുന്നു. വിറകും ചാണകവരളികളും കര്‍ഷകര്‍ കരുതിയിട്ടുണ്ട്. പാചകവാതകം തീര്‍ന്നാല്‍ ഈ വിറകും ചാണകവരളിയും ഉപയോഗിക്കുമെന്ന് സംഗ്രൂരിലെ കർഷകനായ ജസ്‍വീര്‍ സിംഗ് പറഞ്ഞു.
ട്രാക്ടറുകളും ട്രക്കുകളും റോഡിൽ കഴിയുന്നത്ര സൗകര്യങ്ങൾ ലഭിക്കുന്നതിനായി കർഷകർ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. കർഷകസുഹൃത്തുക്കളായ രമൻദീപ് സിങ്ങും ഗുർപ്രീത് സിങ്ങും തങ്ങളുടെ ട്രക്കുകള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടുണ്ട്. കാറ്റിനെയും മഴയെയും പ്രതിരോധിക്കാന്‍ പാകത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ട്രക്കുകളുടെ ഫ്ലോറുകള്‍ പുല്ല് കൊണ്ട് മൂടിയിട്ടുണ്ട്. തുടര്‍ന്ന് അതിന് മുകളിലേക്ക് കിടക്കകളും ബെഡ് ഷീറ്റുകളും വിരിച്ചിരിക്കുന്നു. തണുപ്പിനെ പ്രതിരോധിക്കാനായി വലിയ കമ്പിളിപ്പുതപ്പുകളും കര്‍ഷകരുടെ കയ്യിലുണ്ട്. അലക്കിയ വസ്ത്രങ്ങളും മറ്റും ട്രക്കില്‍ തന്നെ കെട്ടിയ അഴകളിലാണ് ഉണക്കാനിടുന്നത്. പാദരക്ഷകള്‍ സൂക്ഷിക്കുന്നതിനായി വേറൊരു ഭാഗം.
പ്രായമായവർക്ക് എളുപ്പത്തിൽ വാഹനങ്ങളിൽ കയറാൻ തടി അല്ലെങ്കിൽ മെറ്റാലിക് സ്റ്റെയർകെയ്‌സുകൾ ഉണ്ട്. സ്വകാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ത്രീകള്‍ക്ക് പ്രത്യേക ക്യാബിനുകളും സജ്ജമാക്കിയിട്ടുണ്ട്. സമരത്തിനിടയില്‍ സംഗീതം ആസ്വദിക്കാനും ഹുക്ക വലിക്കാനുമെല്ലാം കര്‍ഷകര്‍ സമയം കണ്ടെത്തുന്നത്. പഞ്ചാബി ദിനപത്രം വായിച്ചുകൊണ്ടാണ് കര്‍ഷകരുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ. രാവിലെ കൃത്യം 7 മണിക്ക് തന്നെ പത്രമെത്താറുണ്ടെന്ന് മോഗയില്‍ നിന്നുള്ള കര്‍ഷകനായ അജീത് സിംഗ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.