India National

കര്‍ഷക സമരം കടുപ്പിക്കാന്‍ വളര്‍ത്തു മൃഗങ്ങളുമായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക സമരം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ സമരം കടുപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങളുമായി കര്‍ഷകര്‍. രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകരാണ് വലിയ കൂട്ടം വളര്‍ത്തു മൃഗങ്ങളുമായി ഡല്‍ഹിയിലേക്ക് തിരിച്ചത്. ആയിരക്കണക്കിന് പശു, കാള, എരുമ തുടങ്ങിയ മൃഗങ്ങളുമായാണ് കര്‍ഷക സംഘം ഡല്‍ഹിയിലേക്ക് തിരിച്ചത്. നീണ്ട നിരയില്‍ മൃഗങ്ങളെയും തെളിയിച്ച് വരുന്ന കര്‍ഷകരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കര്‍ഷകരുടെ പുതിയ നീക്കം സമരം കടുപ്പിക്കുമെന്ന് ഉറപ്പാണ്.

അതെ സമയം കാർഷിക നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്തതിനാല്‍ തിങ്കളാഴ്ച കർഷകർ സിംഗുവില്‍ നിരാഹാരമിരിക്കും. രാജ്യതലസ്ഥാനത്തെ കർഷക പ്രതിഷേധം 18ആം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സമരം ശക്തമാക്കിയതോടെ ഡൽഹി-ആഗ്ര, ഡൽഹി-ജയ്‌പൂർ ദേശീയ പാതകൾ കർഷകർ ഉപരോധിക്കുകയാണ്. ഡിസംബർ 19ന് മുമ്പ് ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് കർഷകർ പറഞ്ഞു. ഇല്ലെങ്കില്‍ ട്രെയിൻ തടയലിലേക്ക് കടക്കും.

അതേസമയം അനുനയ ശ്രമങ്ങളുടെ ഭാഗമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കളുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തി. 48 മണിക്കൂറിനകം പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗിനെയും നരേന്ദ്ര സിങ് തോമറെയും കണ്ട ശേഷം ഹരിയാന ഉപമുഖ്യമന്തി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ഇതിനിടെ ഹരിയാനയിലെ ഒരു കൂട്ടം നേതാക്കള്‍ തന്നെ സന്ദർശിച്ച് നിയമങ്ങളെ പിന്തുണക്കുന്നതായി അറിയിച്ചതായി നരേന്ദ്ര സിംഗ് തോമർ പ്രതികരിച്ചു.