India

സമരം സമാധാനപരമായി തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച; കർഷകർ സമര ഭൂമിയിലേക്ക് മടങ്ങി

കർഷക സമരം സമാധാനപരമായി തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച. മുഴുവന്‍ കര്‍ഷകരോടും സമര സ്ഥലത്തേക്ക് തിരിച്ചെത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദേശം നല്‍കി. റാലിക്കിടെ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം സമര സ്ഥലത്തേക്ക് കൊണ്ടുപോയി.

സുരക്ഷ ഉറപ്പാക്കുന്നതിനായി അർധ സൈനികരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. സംഘർഷം നടന്ന ഐടിഒയിൽ സ്ഥിതി നിയന്ത്രണ വിധേയമായി. സംഘർഷത്തിന് നേതൃത്വം നൽകിയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഡൽഹി ജോയിന്‍റ് കമ്മിഷണർ അലോക് കുമാർ അറിയിച്ചു. ഡല്‍ഹിയിലെ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് താത്കാലികമായി വിച്ഛേദിച്ചു. കര്‍ഷകര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തു. നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഇന്ന് സംഭവിച്ചത്..

ഉച്ചക്ക് 12 മണിയോടെ ട്രാക്ടര്‍ മാര്‍ച്ച് ആരംഭിക്കുമെന്നായിരുന്നു ധാരണ. മൂന്ന് പാതകളിലൂടെ എത്തി ഡല്‍ഹിക്ക് പുറത്തേക്ക് പോകുന്ന വിധമാണ് റാലിയുടെ റൂട്ട് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ധാരണകളെല്ലാം തെറ്റുന്ന കാഴ്ചയാണ് രാവിലെ മുതല്‍ കണ്ടത്.

രാവിലെ എട്ട് മണി- പഞ്ചാബില്‍ നിന്നുള്ള കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് പ്രവര്‍ത്തകര്‍ സിന്‍ഘു അതിര്‍ത്തിയില്‍ ബാരിക്കേഡ് ഭേദിച്ചു.

8.30- തിക്രി അതിർത്തിയിലും ബാരിക്കേഡ് ഭേദിച്ച കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങി.

10.30- ഗാസിപൂർ അതിർത്തിയിലും സമരക്കാർ പൊലീസ് നിയന്ത്രണം ഭേദിച്ച് മുന്നോട്ട് നീങ്ങി. കർഷകര്‍ക്ക് നേരെ പൊലീസിന്റെ കണ്ണീർ വാതക പ്രയോഗം. വീഥികളിൽ വാഹനങ്ങൾ നിർത്തിയിട്ടും ബാരിക്കേഡുകൾ സൃഷ്ടിച്ചും വഴി തടയാൻ പൊലീസ് ശ്രമം. പ്രതിബന്ധങ്ങള്‍ മറികടന്നും ട്രാക്ടര്‍ റാലി മുന്നോട്ട്.

11 മണി- സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി.

മുൻ ധാരണകൾ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. റാലിക്ക് അനുമതി നൽകിയ റോഡുകളിൽ പോലും പൊലീസ് തടസം സൃഷ്ടിച്ചെന്ന് കര്‍ഷകരുടെ മറുപടി.

11.30- ഡല്‍ഹിയിലെ ഐടിഒ പ്രദേശം സംഘര്‍ഷ മേഖലയായി മാറി.

12 മണി- അതിർത്തികളിലെ ബാരിക്കേഡുകൾ നീക്കാൻ പൊലീസ് തയ്യാറായി. സംഘര്‍ഷത്തിന് അയവ്.

12.15- സിന്‍ഖു അതിർത്തിയിൽ നിന്ന് എത്തിയവർ ഡൽഹി റിങ് റോഡിൽ പ്രവേശിച്ചു.

12.55- ചിന്താമണി ചൗക്കിൽ പൊലീസ് ലാത്തിച്ചാര്‍ജ്.

ഉച്ചക്ക് ഒരു മണി- സമരക്കാര്‍ ഡല്‍ഹി ചെങ്കോട്ടയില്‍ പ്രവേശിച്ചു. ഇരുപതോളം ട്രാക്ടറുകളും നൂറ് കണക്കിന് സമരക്കാരും ചെങ്കോട്ട നിയന്ത്രണത്തിലാക്കി. ചെങ്കോട്ടയില്‍ സമര പതാക ഉയർത്തി.