കാർഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കി കർഷകർ. ഇന്ന് മുതല്‍ റിലെ നിരാഹാര സമരം. മഹാരാഷ്ട്രയിലെ കർഷകർ ഇന്ന് നാസിക്കില്‍ നിന്ന് ചലോ ഡല്‍ഹി യാത്ര ആരംഭിക്കും. അതേസമയം കർഷകരെ അടുത്ത ഘട്ട ചർച്ചക്ക് വിളിച്ച സർക്കാർ, സൌകര്യപ്രദമായ തിയ്യതി അറിയിക്കാന്‍ ആവശ്യപ്പെട്ടു.
കൊടുംതണുപ്പില്‍ കർഷക സമരം 26 ദിവസം പിന്നിട്ടു. എല്ലാ സമര കേന്ദ്രങ്ങളിലും ഇന്ന് മുതല്‍ റിലെ നിരാഹാര സമരം ആരംഭിക്കും. കർഷക ദിവസായി ആചരിക്കുന്ന 23ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കും. 25 മുതല്‍ 27 വരെ ഹരിയാനയിലെ ടോൾ പ്ലാസകളിൽ പിരിവ് അനുവദിക്കില്ല. ഡിസംബര്‍ 26 – 27 തിയ്യതികളില്‍ കര്‍ഷകര്‍ എന്‍ഡിഎ ഘടക കക്ഷികള്‍ക്ക് കത്തെഴുതും. 27ന് മൻ കി ബാത്ത് നടക്കവെ പാത്രം കൊട്ടി പ്രതിഷേധിക്കാനുമാണ് തീരുമാനം.
മഹാരാഷ്ട്രയിലെ 20 ജില്ലയില്‍ നിന്നുള്ള കർഷകർ നാസിക്കില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. പ്രതിഷേധം ലൈവാക്കിയതോടെ കിസാന്‍ ഏകത മോർച്ചയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. കമ്മ്യൂണിറ്റി ഗൈഡ് ലൈൻ പാലിച്ചില്ലെന്നാണ് ആരോപണം.
സര്‍ക്കാരുമായി ചർച്ചക്ക് പോകണമോ എന്നകാര്യത്തില്‍ കർഷകർ ഇന്ന് തീരുമാനമെടുക്കും. നിയമത്തെ പിന്തുണക്കുന്ന കർഷകരുമായുള്ള കൂടിക്കാഴ്ച കൃഷിമന്ത്രി തുടരുന്നുണ്ട്. വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25ന് പ്രധാനമന്ത്രി കർഷകരുമായി സംവദിക്കും.
യുപി ബിജെപി 2500 ഇടങ്ങളില്‍ കിസാന്‍ സംവാദ് സംഘടിപ്പിക്കും. ഇതിനിടെ ഡല്‍ഹിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് മടങ്ങിയ 22 വയസുള്ള കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ചത്.