ഫോണി ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തോട് അടുക്കുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഒഡീഷയില്‍ മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ ചുഴലികാറ്റിന്‍റെ വേഗത കുറയുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
പശ്ചിമബംഗാള്‍ തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി തീരപ്രദേശമായ ഖരഖ്പൂരില്‍ തങ്ങി ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
പുരിയില്‍ ആഞ്ഞടിച്ച ഫോണി ചുഴലിക്കാറ്റിന്‍റെ വേഗത അതീവ തീവ്ര അവസ്ഥയില്‍ നിന്ന് തീവ്രതയേറിയ വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ അപകടങ്ങളില്‍ ഒഡീഷയില്‍ മൂന്ന് പേര്‍ മരിച്ചു. വ്യാപകമായി മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയില്‍ ഇപ്പോഴും കനത്ത മഴയും കാറ്റും തുടരുകയാണ്.
പുരിയിലെ വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണാമായി തകരാറിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ അവ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫോണി ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തോട് അടുക്കും തോറും ബംഗാളിലെ തീരപ്രദേശങ്ങളില്‍ മഴക്കും കാറ്റിനും ശക്തിയേറുന്നുണ്ട്. കൊല്‍ക്കത്ത വിമാനത്താവളം നാളെ രാവിലെ എട്ട് മണിവരെ അടച്ചിടും.
ചുഴലിക്കാറ്റ് വീശുന്ന സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സേനാവിഭാഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. 13 നാവികസേന യുദ്ധവിമാനങ്ങളും നാല് കപ്പലുകളുമാണ് ദുരിത്വാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്.
തീരസംരക്ഷണസേനയുടെ 34 സംഘത്തെയാണ് ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുകയാണ്. ദേശീയ ദുരന്തനിവാരസേനയുടെ 81 സംഘത്തെയും ഫോണി ദുരിതം വിതക്കുന്നയിടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം അടക്കമുള്ള നാല് ജില്ലകളില്‍ തെരഞ്ഞെുടപ്പ് കമ്മീഷന്‍ പെരുമാറ്റചട്ടം പിന്‍വലിച്ചിട്ടുണ്ട്