India National

ഒഡിഷയില്‍ ആഞ്ഞടിച്ച് ഫോണി; ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു,ട്രയിന്‍ -വ്യോമ ഗതാഗതം താറുമാറായി

ഫോണി ചുഴലിക്കാറ്റ് ഒ‍ഡീഷയിലെ പുരിയിലെത്തി. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. 11 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. പ്രദേശത്ത് ട്രയിന്‍-വ്യോമ ഗതാഗതം താറുമാറായി.

ഫോണി ചുഴലിക്കാറ്റ് നേരിടാന്‍ സുരക്ഷാസേനകളെ സജ്ജമാക്കി.നാവിക സേനയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നാവികസേനയുടെ 13 ഹെലികോപ്റ്ററുകള്‍ വിശാഖ പട്ടണത്ത് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി നില്‍ക്കുന്നുണ്ട്. പശ്ചിമ ബംഗാളിലും മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ റദ്ദാക്കി.

ഫോണി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദിശ മാറുന്നതിന് അനുസരിച്ച് കാറ്റിന്റെ തീവ്രതയിലും മാറ്റമുണ്ടാകാം. പശ്ചിമ ബംഗാള്‍ തീരത്തേക്ക് കാറ്റ് നീങ്ങാന്‍ സാധ്യതയുണ്ട്.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.