India National

ഫോണിയുടെ സംഹാര താണ്ഡവം അവസാനിച്ചു

ഫോണി ചുഴലിക്കാറ്റിന്റെ അതിതീവ്ര സ്വഭാവം അവസാനിച്ചു. ഫോണി ബംഗ്ലാദേശിലേക്ക് പ്രവേശിച്ചുവെങ്കിലും പശ്ചിമ ബംഗാളിലെ മിക്കയിടങ്ങളിലും മഴ തുടരുകയാണ്. വന്‍നാശം വിതച്ച ഒഡീഷയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി.

ഇന്നലെ രാവിലെയാണ് പശ്ചിമബംഗാളില്‍ നിന്ന് ബംഗ്ലാദേശ് തീരത്തേക്ക് ഫോണി പ്രവേശിച്ചത്. ഒഡീഷയില്‍ 12 പേരും ബംഗ്ലാദേശില്‍ 14 പേരും ദുരന്തത്തില്‍ മരിച്ചു. 63 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം.ഭൂരിഭാഗം മരണവും മരങ്ങള്‍ കടപുഴകി വീണതുകൊണ്ട് സംഭവിച്ചതാണ്. ഒഡീഷയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പതിനഞ്ച് ദിവസം പാചകം ചെയ്ത ഭക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷയില്‍ നിന്ന് നടക്കാനിരുന്ന നീറ്റ് പരീക്ഷ മാറ്റി വെച്ചു. പശ്ചിമ ബംഗാളിലും ഫോനി ചുഴലിക്കാറ്റ് വലിയ ആഘാതമുണ്ടാക്കി. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ മിക്കയിടത്തും താറുമാറായി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബംഗ്ലാദേശില്‍ 36 ഗ്രാമങ്ങള്‍ വെള്ളത്തിനടയിലായി. 16 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു.