ഡല്‍ഹി സർക്കാർ സ്‌കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ ട്വീറ്റ് ചെയ്തതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് 48 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണ നിരോധനം ഏർപ്പെടുത്തണമെന്ന് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എ.എ.പി നേതാവ് സഞ്ജയ് സിങാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ സർക്കാർ സ്‌കൂളുകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വീഡിയോകൾ ബി.ജെ.പി നേതാക്കൾ പ്രചരിപ്പിച്ചതിനെതിരെ ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്ങും പങ്കജ് ഗുപ്തയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ബി.ജെ.പി എം.പിമാരായ ഗൌതം ഗംഭീർ, പർവേഷ് വർമ, ഹാൻസ് രാജ് ഹാൻസ് തുടങ്ങിയവർ പ്രചരിപ്പിച്ച വ്യാജ വീഡിയോകൾ ഡല്‍ഹി സർക്കാർ സ്കൂളുകളെ കുറിച്ച് തെറ്റായ ചിത്രം ജനങ്ങൾക്ക് പകർന്നുനൽകുന്നതാണെന്ന് ആം ആദ്മി പാർട്ടി നൽകിയ പരാതിയിൽ പറയുന്നു. മൂന്ന് ബി.ജെ.പി എം.പിമാർക്കെതിരെയും ആം ആദ്മി നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. “ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു, അമിത് ഷായെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം വ്യാജ വീഡിയോകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത എല്ലാ നേതാക്കൾക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും അത്തരം ട്വീറ്റുകളെല്ലാം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷാ നവമാധ്യമങ്ങളില്‍ പങ്കിട്ട നഗരത്തിലെ സർക്കാർ സ്കൂളുകളിലെ അപാകതകളുടെ വീഡിയോകൾ വ്യാജമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ എട്ട് ബി.ജെ.പി എം.പിമാർ സ്കൂളുകൾ സന്ദർശിക്കുകയും അവരുടെ കണ്ടെത്തലുകള്‍ എന്ന പേരില്‍ വീഡിയോകൾ പ്രചരിപ്പിക്കുകയുമായിരുന്നു. ഡല്‍ഹിയിലെ മികച്ച വിദ്യാഭ്യാസ മാതൃക ബി.ജെ.പിയെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും 16 ലക്ഷം കുട്ടികളെയും 32 ലക്ഷം മാതാപിതാക്കളെയും ആയിരക്കണക്കിന് അധ്യാപകരെയും അപമാനിക്കാനുള്ള പ്രചാരണമാണ് അമിത് ഷാ നടത്തുന്നതെന്നും സിങ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി വ്യാജ വീഡിയോ പ്രചരിപ്പിക്കുകയും ഡല്‍ഹിയിലെ മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും അപമാനിക്കുകയും ചെയ്യുകയാണ്. ജനങ്ങളോടും വിദ്യാർഥികളോടും അധ്യാപകരോടും മാതാപിതാക്കളോടും അമിത് ഷാ മാപ്പ് പറയണമെന്നും ആം ആദ്മി നേതാവ് ആവശ്യപ്പെട്ടു. വ്യാജ വീഡിയോകൾ പങ്കുവെച്ചതിന് ഡല്‍ഹി സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾ അമിത് ഷായ്‌ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് സിങ് പത്രസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി നേതാക്കൾ പങ്കിട്ട വ്യാജ വീഡിയോകളാണ് മാതാപിതാക്കളെ വേദനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.