ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തുവിട്ട കണക്കു പ്രകാരം, ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് പൂട്ടി പോയത്
വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി കർശനമാക്കി സോഷ്യൽ മീഡിയ ഭീമൻ ട്വിറ്റർ രംഗത്തു വന്നപ്പോൾ, ഫോളോവർമാരിൽ വൻ ഇടിവുമായി പ്രധാനമന്ത്രിയുൾപ്പടെയുള്ള പ്രമുഖർ. ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തുവിട്ട കണക്കു പ്രകാരം, ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് പൂട്ടി പോയത്.
പുതിയ നടപടിയുടെ പശ്ചാതലത്തിൽ, ട്വിറ്ററിൽ സജീവമായി ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവർമാരിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മോദിക്ക് വർഷത്തിൽ ഒരു ലക്ഷം പേർ എന്ന നിലയിലാണ് ഇടിവ് സംഭച്ചത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ എന്നിവരുടെ ഫോളോവേഴ്സിലും ഇടിവുണ്ടായി.
അരവിന്ദ് കെജ്‍രിവാളിന് നഷ്ടമായ ഫോളോവേഴ്സിന്റെ എണ്ണം 40,000 ആണെങ്കിൽ, അമിത് ഷാക്ക് 16,500 പേരെയാണ് നഷ്ടമായത്. രാഹുൽ ഗാന്ധിക്ക് 9000 പേരെയും നഷ്ടമായി. ഇവർക്ക് പുറമെ, കേന്ദ്രമന്ത്രി കിരൺ റിജ്ജു, ബി.ജെ.പി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ്, പാർലമെന്ററി കമ്മിറ്റി ചെയർമാൻ അനുരാഗ് ഠാകൂർ എന്നിവർക്കും ട്വിറ്ററിൽ നിന്നും കാര്യമായ ചോർച്ചയുണ്ടായി.