India National

‘ഫെയര്‍ ആന്‍ഡ് ലൗലി’ പേര് മാറ്റി; പുതിയ പേരിനെതിരെ വ്യാപക വിമര്‍ശനം

പുതിയ പേരും വംശീയമായ ചിന്തകളെ ഊട്ടിയുറപ്പിക്കുന്നതാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനമുണ്ട്

മുഖസൗന്ദര്യ ക്രീമുകളില്‍ പ്രശസ്തരായ ‘ഫെയര്‍ ആന്‍ഡ് ലൗലി’ പേരില്‍ നിന്നും ‘ഫെയര്‍’ എന്ന വാക്ക് ഒഴിവാക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. അതെ സമയം പുതിയ പേര് പ്രഖ്യാപിച്ചതോടെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. ഗ്ലോ ആന്‍ഡ് ലൗലി എന്ന പേരിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നത്. പുരുഷന്‍മാരുടെ മുഖസൗന്ദര്യ ക്രീമുകള്‍ ‘ഗ്ലോ ആന്‍ഡ് ഹാന്‍ഡ്സം’ എന്ന പേരില്‍ ഇനി മുതല്‍ പുറത്തിറങ്ങുമെന്നും ഫെയര്‍ ആന്‍ഡ് ലൗലിയുടെ മാതൃകമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ഇ മെയില്‍ വഴി അറിയിച്ചു. പുതിയ പേരും വംശീയമായ ചിന്തകളെ ഊട്ടിയുറപ്പിക്കുന്നതാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനമുണ്ട്.

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിന് ശേഷം ലോകത്താകമാനം വംശീയതയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളാണ് പുതിയ പേര് മാറ്റ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിന് ശേഷം ശരീര സൗന്ദര്യ ഉദ്പാദകരായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഈ മേഖലയില്‍ നിന്ന് തന്നെ പിന്‍വാങ്ങിയിരുന്നു.

എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി കൊണ്ടുള്ള ശരീര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയര്‍മാര്‍ സഞ്ജീവ് മെഹ്‍ത പ്രസ്താവനയില്‍ അറിയിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ശരീരത്തെ ക്കുറിച്ചുള്ള ആകുലത കൂടുതലായതിനാല്‍ ‘ഫെയര്‍ ആന്‍ഡ് ലൗലി’ക്ക് വലിയ മാര്‍ക്കറ്റായിരുന്നെന്നും അടുത്തിടെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ മാറ്റം വരുത്തിയതായും വിലയിരുത്തലുകളുണ്ട്.