പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയില്‍ വീക്ഷിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവമാധ്യമങ്ങളില്‍ വൈറലാണ്. ആയിരക്കണക്കിന് പേരാണ് ഈ ചിത്രത്തിന്റെ നിജസ്ഥിതി അറിയാതെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. ഇതാണ് മോദിയുടെ ശക്തി, ഒബാമ വരെ മോദിയുടെ സത്യപ്രതിജ്ഞ ടിവിയില്‍ കാണുന്നത് കണ്ടോ എന്ന കുറിപ്പുമായാണ് ഈ ചിത്രം ഫേസ്‍ബുക്കിലും വാട്സ്ആപ്പിലുമൊക്കെ പ്രചരിക്കുന്നത്.
മോദിയുടെ സത്യപ്രതിജ്ഞ ഒബാമ ടിവിയില്‍ കണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഷോട്ടോഷോപ്പില്‍ വ്യാജമായി നിര്‍മ്മിച്ചതാണ് ഈ ചിത്രം. ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത്, 2014 ല്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ ഷോട്ടോഷോപ്പില്‍ വ്യാജ നിര്‍മിതിക്ക് ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കയും ജര്‍മനിയും തമ്മിലുള്ള ലോകകപ്പ് മത്സരം ടിവിയില്‍ കാണുന്ന ഒബാമയുടെ ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ഇതുപോലെ ഒരു വീഡിയോയും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ലോകകപ്പ് മത്സരത്തിന് പകരം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കുന്ന ലണ്ടനിലെ ജനങ്ങള്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ വീഡിയോ ട്വിറ്ററിലെത്തിയത്. എന്നാല്‍, 2016 യൂറോയില്‍ ഇംഗ്ലണ്ടിന്റെ ഡാനിയേല്‍ സ്റ്ററിഡ്ജ് ഗോള്‍ നേടുമ്പോള്‍ ആരാധകര്‍ ആര്‍ത്തുവിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് വീഡിയോ നിര്‍മ്മിച്ചതെന്ന് കണ്ടെത്തി.