India

വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി

വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ ഫാറൂഖ് അബ്ദുല്ല നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. സർക്കാരിനോട് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

വിശ്വഗുരു ഇന്ത്യ വിഷൻ ഓഫ് സ൪ദാ൪ പട്ടേൽ സംഘടനയുടെ ട്രസ്റ്റിയായ രജത് ശ൪മയാണ് ഹരജി നൽകിയത്. ജസ്റ്റിസ് സഞ്ജയ് കൌളിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച നിരീക്ഷണം നടത്തിയത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളുകയും ചെയ്തു.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഫാറൂഖ് അബ്ദുല്ല ഇന്ത്യക്കെതിരെ ചൈനയുടെയും പാകിസ്താന്‍റെയും സഹായം തേടിയെന്ന് ഹരജിക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തെളിയിക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞില്ല. ഹരജിക്കാര്‍ക്ക് സുപ്രീംകോടതി 50000 രൂപ പിഴ വിധിക്കുകയും ചെയ്തു.