India

കീവിൽ നിരവധി സ്ഫോടനങ്ങൾ; റഷ്യൻ ആക്രമണം ഇറാൻ നൽകിയ ഡ്രോൺ ഉപയോഗിച്ച്

യുക്രൈൻ തലസ്ഥാനമായ കീവിലും, വിവിധയിടങ്ങളിലും ഇന്നലെയുണ്ടായത് നിരവധി സ്ഫോടനങ്ങൾ. ഇറാൻ നൽകിയ കാമിക്സേ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

കീവിലും സുമിയിലും ഡിനിപ്രോയിലുമാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തുടർച്ചയായ സ്ഫോടനങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പ്രദേശങ്ങളിൽ പൂർണമായും വൈദ്യുതി തടസം നേരിട്ടു. ഇറാൻ നൽകിയ ഡ്രോൺ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി ഡെനിസ് ഷാം​ഗൽ പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യയിൽ നിർമിച്ച ഡ്രോണുകൾ മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ട് ലക്ഷ്യത്തിലേക്ക് നീങ്ങി പൊട്ടിത്തെറിച്ചു. റഷ്യ ഇതിന് മുമ്പും ഇത്തരം ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് യുക്രൈൻ കുറ്റപ്പെടുത്തുന്നു.

മേഖലകളിലെ ഊർജ സംവിധാനങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്ന് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി യെവൻ യെനിൻ പറഞ്ഞു. ഒരാഴ്ച മുൻപാണ് കീവിലും മറ്റ് തന്ത്രപ്രധാനപ്രദേശങ്ങളിലും റഷ്യൻ സൈന്യം തുടർച്ചയായ മിസൈലാക്രമണം നടത്തിയത്. ക്രിമിയയിലെ കേഴ്ച് പാലം തകർത്തതിന്റെ തിരിച്ചടിയാണിതെന്നാണ് സൂചന. പാലം തകർത്തത് ഭീകരാക്രണമെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് പുടിന്റെ നിലപാട്. ഇന്ന് രാവിലെ ഉണ്ടായ സ്ഫോടനങ്ങളെ തുടർന്ന് പ്രദേശത്ത് ജാഗ്രതാനിർദേശം ഉണ്ട്. യുക്രൈൻ സൈന്യത്തിൽ നിന്ന് ശക്തമായ പ്രതിരോധം നേരിടുന്ന റഷ്യ കൂടുതൽ ആക്രമണങ്ങൾക്ക് ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.