India National

സൈന്യത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടിയുമായി വിമുക്ത ഭടന്‍മാര്‍

സൈന്യത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ വിമുക്ത ഭടന്മാര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് ഗോദയില്‍. സര്‍വജന്‍ ആവാസ് പാര്‍ട്ടിയെന്ന പേരില്‍ രൂപീകരിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി യു.പിയിലെ ഖലീലാബാദില്‍ മല്‍സരിക്കുന്ന കേണല്‍ രാജേന്ദ്ര യാദവിന് വേണ്ടി നിരവധി വിമുക്ത ഭടന്മാരാണ് പ്രചരണത്തിനെത്തിയത്.പുല്‍വാമ, ബാലാക്കോട്ട് സംഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെയാണ് പാര്‍ട്ടിയുടെ പ്രചരണം.

ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ടു പിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൈനികര്‍ തന്നെയാണ് രാഷ്ട്രീയത്തിന്റെ നേര്‍വഴി കാണിക്കേണ്ടതെന്ന നിലപാടുമായാണ് കേണല്‍ രാജേന്ദ്ര യാദവും കൂട്ടരും ഖലീലാബാദില്‍ മല്‍സരിക്കുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കേന്ദ്രം മാര്‍ക്കറ്റ് ചെയ്യുകയാണ്. ഇന്ത്യ ഭയാനകമാം വിധം പുതിയ കാലത്ത് വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുവെന്നും അടിസ്ഥാന പരമായ വിഷയങ്ങളില്‍ പരാജയപ്പെട്ട ഒരു സര്‍ക്കാര്‍ സൈനിക നീക്കങ്ങളെ മറയാക്കുകയാണെന്നും കേണല്‍ ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുടെ എം.പിയും എം.എല്‍.എയും പാര്‍ട്ടിയോഗത്തില്‍ ചെരുപ്പൂരി അടിച്ചതിലൂടെ കുപ്രസിദ്ധി നേടിയ ഈ മണ്ഡലത്തില്‍ സര്‍വ്വജന്‍ ആവാസ് പാര്‍ട്ടി അതിശക്തമായ പ്രചരണമാണ് നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിരമിച്ച സൈനികരും ഐ.ഐ.ടിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ യുവാക്കളുമൊക്കെ സര്‍വ്വജന്‍ സംഘത്തിലുണ്ട്. പ്രധാനമായും പൂല്‍വാമ സംഭവത്തില്‍ സൈനികര്‍ക്കുള്ള അമര്‍ഷമാണ് സര്‍വ്വജന്‍ ആവാസ് പാര്‍ട്ടി നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.