2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയതായി ആരോപണം. അമേരിക്കയിലെ ഇന്ത്യന്‍ സ്വദേശിയായ ഐ ടി വിദഗ്ധന്റേതാണ് ആരോപണം. വോട്ടിങ് യന്ത്രത്തിലെ തിരിമറി സംബന്ധിച്ച് അറിവുണ്ടായിരുന്നതിനാലാണ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും വെളിപ്പെടുത്തലുണ്ട്. ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു.
വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിച്ച പൊതുമേഖല സ്ഥാപനമായ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായ ഹൈദരാബാദ് സ്വദേശി സയ്യദ് ഷുജ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് വെളിപ്പെടുത്തലിന് പിന്നില്‍. 2014 പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കനുകൂലമായി വ്യാപകമായ തിരിമറി നടന്നു. കുറഞ്ഞ ഫ്രീക്വന്‍സിയില്‍ ഡാറ്റാ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന തരം ചിപ്പുകള്‍ വോട്ടിങ് യന്ത്രത്തില്‍ ഘടിപ്പിച്ചാണ് കൃത്രിമം നടത്തിയത്. റിലയന്‍സാണ് ഇതിന് ബി.ജെ.പിയെ സഹായിച്ചത്. രാജ്യത്തെ 9 ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹാക്കിങ്. വിവിപാറ്റും തട്ടിപ്പാണ്. 2015ലെ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കനുകൂലമായി കൃത്രിമത്തിന് ശ്രമം നടന്നെങ്കിലും തങ്ങളുടെ ഇടപെടല്‍ മൂലം ഫലം ആം ആദ്മിക്കനുകൂലമാക്കി.
2014ല്‍ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കാറപകടത്തില്‍ കൊല്ലപ്പെട്ടതും വോട്ടിങ് യന്ത്രത്തിലെ തിരിമറിക്കും ബന്ധമുണ്ട്. മുണ്ടെയുടെ മരണം അന്വേഷിച്ച എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തു. തങ്ങളില്‍ നിന്ന് നേരിട്ട് വിവരം സ്വീകരിച്ച മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷും കൊല്ലപ്പെട്ടു. എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് പാര്‍ട്ടിക്കാരും വോട്ടിങ് യന്ത്രങ്ങളുടെ ഹാക്കിങ് സാധ്യത തേടിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.
എങ്ങനെയാണ് ഹാക്കിങ് നടത്തുന്നതെന്ന് നേരിട്ട് പ്രദര്‍ശിപ്പിക്കാന്‍ ലണ്ടനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ന്യൂയോര്‍ക്കില്‍ നിന്ന് സ്കൈപ്പിലൂടെയായിരുന്നു ഷുജെയുടെ വെളിപ്പെടുത്തല്‍. വിവരങ്ങള്‍ പുറത്തുവിടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് താനും സുഹൃത്തുക്കളും ആക്രമിക്കപ്പെട്ടതായും സംഘത്തിലെ ചിലര്‍ കൊല്ലപ്പെട്ടതായും ഷുജ ആരോപിക്കുന്നു. എന്നാല്‍ ഏറ്റവും രഹസ്യരൂപത്തിലാണ് യന്ത്രങ്ങളുടെ നിര്‍മാണമെന്നും തിരിമറി അസാധ്യമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട്. വ്യാജ ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.