India National

ആനയുടെ മരണം പോലും വര്‍ഗ്ഗീയവല്‍ക്കരിക്കുന്നു

”ഹിറ്റ്‌ലര്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായി ജൂതരെയാണ് പറഞ്ഞിരുന്നത്. അതുപോലെ ഇന്ത്യയില്‍ മുസ്‌ലിംകളാണ് ബലിയാടുകള്‍…”

ദ വീക്കില്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജു എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

പടക്കം അടങ്ങിയ പൈനാപ്പിള്‍ കഴിച്ച് ഒരു ഗര്‍ഭിണിയായ കാട്ടാന കേരളത്തില്‍ ചെരിഞ്ഞു. ഇതിന് പിന്നാലെ ചില രാഷ്ട്രീയക്കാര്‍ വിഷയം ഏറ്റെടുത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമം തുടങ്ങി. തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തെ കൊറോണ വൈറസ് വ്യാപിച്ചതുമായി ചേര്‍ത്ത് നടത്തിയ പ്രചാരണങ്ങള്‍ക്ക് സമാനമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ ആനകളെ ഉപയോഗിക്കുന്ന പതിവുണ്ട്. അതുകൊണ്ട് ആനക്കെതിരായ ക്രൂരത ഹിന്ദുക്കള്‍ക്കെതിരായ മുസ്‌ലിംകളുടെ പ്രവൃത്തിയായാണ് വ്യാഖ്യാനിക്കപ്പെട്ടത്.

മലപ്പുറം(കേരളത്തിലെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ല) ക്രൂരതക്ക് പേരുകേട്ട നാടാണെന്നായിരുന്നു മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ മേനക ഗാന്ധിയുടെ പ്രതികരണം. നിരവധി മാധ്യമങ്ങളോട് അവര്‍ ഇക്കാര്യം ആവര്‍ത്തിച്ചു. എല്ലാ ആഴ്ച്ചയും ഓരോ ആനയെങ്കിലും പീഢനത്തിനിരയായി കൊല്ലപ്പെടുന്നുവെന്നായിരുന്നു അവരുടെ അവകാശവാദം. ബന്ധപ്പെട്ട വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന മന്ത്രി രാജിവെക്കണമെന്നും വനംവകുപ്പ് സെക്രട്ടറിയെ പുറത്താക്കണമെന്നും മേനക ഗാന്ധി ആവശ്യപ്പെട്ടു.

സംഭവത്തെ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും കുറ്റക്കാരെ വെറുതേ വിടില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രതികരണം. വിരാട് കോഹ്‌ലി, രത്തന്‍ ടാറ്റ തുടങ്ങിയ പ്രമുഖരും മൃഗസ്‌നേഹികളും പെട്ടെന്ന് തന്നെ ആകാശം ഇടിഞ്ഞുവീണതുപോലുള്ള പ്രതികരണങ്ങള്‍ നടത്തി.

പക്ഷേ, എന്താണ് ഇതിലെ സത്യം? മലപ്പുറത്തല്ല പാലക്കാട് ജില്ലയിലാണ് ഈ സംഭവം നടന്നതെന്നതാണ് ആദ്യത്തെ കാര്യം. വിള നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ തുരത്താനായിരുന്നു കര്‍ഷകര്‍ പൈനാപ്പിളില്‍ പടക്കം വെച്ചത്. ഇത് എടുത്തു കഴിച്ചതോടെയാണ് ആന അപ്രതീക്ഷിതമായി അപകടത്തില്‍പെടുന്നത്.

വസ്തുതകള്‍ ഇങ്ങനെയിരിക്കെ വിഷയം വര്‍ഗ്ഗീയ വത്കരിക്കാനാണ് ഒരുവിഭാഗം ആളുകള്‍ ശ്രമിക്കുന്നത്. അതിനൊരു കാരണമുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയ തകര്‍ച്ചയെ നേരിടുകയാണ്. രാജ്യത്തെ പല വ്യവസായങ്ങളും അടച്ചുപൂട്ടുകയോ ഉത്പാദനം വെട്ടിക്കുറക്കുകയോ ചെയ്തു. തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടി. കോറൊണയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ സമ്പദ്‌വ്യവസ്ഥ താറുമാറായി. എന്ത് ചെയ്യണമെന്ന് ഒരു ധാരണയുമില്ലാത്ത അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഈ പ്രശ്‌നങ്ങളെല്ലാം വലിയ തോതിലുള്ള പ്രക്ഷോഭങ്ങളിലേക്കാണ് കാര്യങ്ങളെ നയിക്കുന്നത്. ഇതിനെ നേരിടാന്‍ ഒരു ബലിയാടിനെ വേണം. ഹിറ്റ്‌ലര്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായി ജൂതരെയാണ് പറഞ്ഞിരുന്നത്. അതുപോലെ ഇന്ത്യയില്‍ മുസ്‌ലിംകളാണ് ബലിയാടുകള്‍. ഇന്ത്യയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും മുസ്‌ലിംകള്‍ പഴി കേള്‍ക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.