കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയെ കറുത്ത എരുമ എന്ന് വിളിച്ചാക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ രാജ് കേജ്. മോദിയുടെ മേക്കപ്പ് ഭ്രമത്തെക്കുറിച്ചുള്ള കുമാരസ്വാമിയുടെ വാക്കുകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“പ്രധാനമന്ത്രി വീണ്ടും വീണ്ടും വസ്ത്രങ്ങള്‍ മാറ്റുന്നുവെന്ന് നിങ്ങള്‍ പറയുന്നു. അദ്ദേഹം വൃത്തിയുള്ളവനും സുന്ദരനും ആണ് അതുകൊണ്ടാണ് നിരന്തരം വസ്ത്രം മാറ്റുന്നത്. എന്നാല്‍ ദിവസത്തില്‍ 100 തവണ കുളിക്കുകയാണെങ്കില്‍ പോലും നിങ്ങള്‍ ഒരു കറുത്ത എരുമയായിരിക്കുമെന്ന് രാജ് കേജ് പറഞ്ഞു.
മോദിയെപ്പോലെ മുഖത്ത് താന്‍ എല്ലാ ദിവസവും വാക്സിംഗ് ചെയ്യാറില്ലെന്ന് രാജു കേജിന്റെ പരിഹാസത്തിന് കുമാരസ്വാമി മറുപടി നല്‍കി. താന്‍ ദിവസത്തില്‍ 20 തവണ കുളിച്ചാലും എന്റെ എരുമക്കളറിന് മാറ്റം വരില്ലെന്നാണ് ബി.ജെ.പിക്കാര്‍ പറയുന്നത്. ശരിയാണ് ഞാന്‍ മോദിയെപ്പോലെ അല്ല, എല്ലാ ദിവസവും മേക്കപ്പിടാറില്ല. ജനങ്ങളുമായി ഇടപഴകിയാണ് ഞാന്‍ ജീവിക്കുന്നത്. പാവപ്പെട്ടവരെ തൊട്ടതിന് ശേഷം ഞാന്‍ കൈ കഴുകാറില്ല എന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ച മുന്‍പ് കുമാരസ്വാമി മോദിയുടെ മേക്കപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. മേക്കപ്പിട്ട ശേഷമാണ് മോദി ക്യാമറയ്ക്ക് മുന്നിലെത്തുന്നതെന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്. രാവിലെ കുളിച്ചതിന് ശേഷം പിന്നെ അടുത്ത ദിവസം രാവിലെയായിരിക്കും തങ്ങള്‍ മുഖം കഴുകുന്നത്. എന്റെ മുഖം ക്യാമറയുടെ മുന്നില്‍ അത്ര നല്ലതല്ല. അതുകൊണ്ടാണ് മാധ്യമ സുഹൃത്തുക്കള്‍ ഞങ്ങളുടെ മുഖം ക്യാമറയില്‍ കാണിക്കാത്തത്. അവര്‍ക്കിഷ്ടം മോദിയെയാണ് എന്നായിരുന്നു കുമാരസ്വാമിയുടെ വാക്കുകള്‍.