വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി. കോടതികളുടെ മറിച്ചുള്ള വിധികൾക്ക് മുകളിലാണ് സുപ്രിംകോടതിയുടെ ഈ വിധി.
വിവാഹ മോചനം നേടിയ സ്ത്രീയ ഭർത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ലെന്നും ആ വീട്ടിൽ തന്നെ താമസം തുടരാൻ സ്ത്രീക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
2019 ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരായി സതീഷ് ചന്ദർ അഹൂജ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർണായക വിധി. സതീഷിന്റെ മരുമകൾ സ്‌നേഹ അഹൂജയ്ക്ക് ഈ വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതി വിധി. ഭർത്താവ് രവീൺ അഹൂജയിൽ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമനടപടികളുമായി സ്‌നേഹ മുമ്പോട്ട് പോകവേയായിരുന്നു ഹൈക്കോടതി വിധി.
എന്നാൽ തന്റെ സ്വന്തം അധ്വാനത്താൽ പണികഴിപ്പിച്ച വീട്ടിൽ മകൻ രവീൺ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെ ഭാര്യ സ്‌നേഹയ്ക്ക് അവകാശമുണ്ടാകുമെന്ന് കാണിച്ച് കൊണ്ട് സതീഷ് ഫയൽ ചെയ്ത ഹർജിയാണ് സുപ്രിംകോടതി തള്ളിയത്.