ഇക്വറ്റോറിയ ഗിനിയ തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ നൈജീരിയിലേക്ക് മാറ്റുന്നത് വൈകുന്നു. നാവികരെ കപ്പലിലേക്ക് മാറ്റിയെങ്കിലും യന്ത്രത്തകരാർ മൂലം യാത്ര വൈകുകയാണ്.
ഗിനിയൻ പ്രാദേശിക സമയം രാത്രി 10 മണിയോടെ നാവികരെ ചെറുബോട്ടിൽ ലൂബ പോർട്ടിൽ നിന്ന് അവരുടെ കപ്പലിലേക്ക് എത്തിച്ചു. എന്നാൽ യന്ത്രത്തകരാർ മൂലം കപ്പലിന് യാത്ര തുടരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാവിലെ യന്ത്രത്തകരാർ പരിഹരിച്ചാൽ നാവികരെ നൈജീരിയയിലേക്ക് കൊണ്ട് പോകും.
ഇതിന് സാധിച്ചില്ലെങ്കിൽ നൈജീരിയയിൽ നിന്നെത്തിയ ടഗ് ബോട്ട് കപ്പലിനേയും വഹിച്ച് യാത്ര തിരിക്കും. കപ്പൽ ജീവനക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നൽകുമെന്ന് നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗിനിയയിലെ എംബസി അധികൃതർക്ക് ഉറപ്പു നൽകി. ഇന്നലെ വേൾഡ് മലയാളി ഫെഡറേഷന്റെയും നൈജീരിയയിലെ കേരള സമാജത്തിന്റെയും ട്വന്റിഫോറിന്റെയും നേതൃത്വത്തിൽ
ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിരുന്നു.
ഹെൽപ്പ് ഡെസ്ക് പ്രതിനിധികളും ഗിനിയ എംബസി പ്രതിനിധികളും നാവികരെ സന്ദർശിക്കുകയും ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു. നൈജീരിയയിലേക്കെത്തുന്ന നാവികർക്ക് എല്ലാ സഹായങ്ങളും ചെയ്യുന്നതിന് ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ സജ്ജമാണ്.