India National

ത്രിപുരയില്‍ ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ത്രിപുരയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ സുഭല്‍ ബൗമിക്‌ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. നാളെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ത്രിപുരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ വെച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ത്രിപുരയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ വീഴ്ത്തി ബി.ജെ.പിക്ക് ഭരണം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സുഭല്‍. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്.

അനിവാര്യമായ സാഹചര്യത്തില്‍ ബി.ജെ.പി വിടുകയാണെന്ന് സുബല്‍ ഭൊവ്മികിന്റെ രാജിക്കത്തില്‍ പറയുന്നു. താന്‍ ബി.ജെ.പിക്ക് ഭാരമായി എന്ന് തോന്നിയെന്നും അതിനാലാണ് രാജിയെന്നും അദ്ദേഹം പറയുന്നു. നേരത്തെ കോണ്‍ഗ്രസിലായിരുന്ന സുബല്‍ ഭൊവ്മിക് നേതൃത്വവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് ഒരു പ്രാദേശിക പാര്‍ട്ടി രൂപീകരിക്കുകയും പിന്നീട് ബിജെപിയില്‍ ചേരുകയുമായിരുന്നു.