India National

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കശ്മീര്‍ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കേന്ദ്രം സൈന്യം വളഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ സൈനിക മേജറുമുണ്ട്.

നാല് ദിവസം മുമ്പാണ് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. അന്ന് 40 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയത്.

അതേസമയം പുല്‍വാമയിലെ സി.ആര്‍.പി.എഫ് ജവാന്മാരുടെ യാത്രയില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലായം അറിയിച്ചു. വ്യോമമാര്‍ഗം ജവാന്മാരെ കൊണ്ടുപോകണമെന്ന ആവശ്യം നിരസിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്രം വിശദീകരിച്ചു. സേനയുടെ അഭ്യര്‍ഥന മാനിച്ച് ഡല്‍ഹി – ജമ്മു- ശ്രീനഗര്‍ റൂട്ടില്‍ ആഴ്ചയില്‍ ഏഴ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സേനയുടെ വിന്യാസത്തിനും പ്രവര്‍ത്തനത്തിനും റോഡ് മാര്‍ഗമുള്ള യാത്രകള്‍ അത്യാവശ്യമായി വരുമെന്നും ഇത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ സുരക്ഷാവീഴ്ച ഇല്ലാതെ പുല്‍വാമയിലേത് പോലുള്ള ഭീകരാക്രമണങ്ങള്‍ നടക്കില്ലെന്ന് റോയുടെ മുന്‍ മേധാവി വിക്രം സൂദ് പറഞ്ഞു. പുല്‍വാമയില്‍ എന്ത് പാളിച്ചയാണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടിയെന്നത് സൈന്യത്തിന്‍റെ സൌകര്യമനുസരിച്ച് സമയവും സന്ദര്‍ഭവും നോക്കി നടപ്പാക്കേണ്ട ഒന്നാണ്. അത് ഇന്നോ നാളെയോ ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.