India National

”മുമ്പും മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു”:

റിപബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പ്രകാശ് ജാവ്ദേകര്‍, സ്മൃതി ഇറാനി അടക്കമുള്ള നിരവധി ബിജെപി നേതാക്കളാണ് രംഗത്തുവന്നിട്ടുള്ളത്. അര്‍ണബിന്‍റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവെന്നായിരുന്നു പ്രകാശ് ജാവ്ദേക്കറുടെ ട്വീറ്റ്. അര്‍ണബിനെതിരെ നടന്നിരിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേല്‍ കടന്നു കയറുകയാണെന്നുമായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശം.

ഇതാദ്യമായല്ല ഒരു മാധ്യമപ്രവര്‍ത്തകനെ അറസ്റ്റുചെയ്യുന്നത് എന്ന് ബി.ജെ.പി നേതാക്കളെ ഓര്‍മപ്പെടുത്തുകയാണ് പ്രതിപക്ഷവും വിമര്‍ശകരും. ഇതുവരെ അറസ്റ്റിലായിട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റാണ് വിമര്‍ശകര്‍ ബി.ജെ.പി നേതാക്കളുടെ മുന്നിലേക്കുയര്‍ത്തിയിരിക്കുന്നത്. ആത്മഹത്യ പ്രേരണ കേസിലാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെങ്കില്‍ മറ്റ് പല മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലായിരിക്കുന്നത് ഒരു കാരണവുമില്ലാതെയാണ്. എന്തുകൊണ്ടാണ് ഇവര്‍ക്ക് വേണ്ടിയോ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചോ സംസാരിക്കാന്‍ ഒരു ബിജെപി നേതാവ് പോലും രംഗത്തെത്താതിരുന്നത്എന്നാണ് പ്രതിപക്ഷമടക്കമുള്ള വിമര്‍ശകര്‍ ചോദിക്കുന്നത്.

''മുമ്പും മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'': ബി.ജെ.പി നേതാക്കളോട് പ്രതിപക്ഷം

സിദ്ദിഖ് കാപ്പന്‍

അഴിമുഖം. കോമിലെ റിപ്പോര്‍ട്ടറായ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത് ഒക്ടോബര്‍ 5 നാണ്. ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക്, റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴായിരുന്നു അറസ്റ്റ്. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച്, യു.എ.പി.എ ചുമത്തിയാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്.

''മുമ്പും മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'': ബി.ജെ.പി നേതാക്കളോട് പ്രതിപക്ഷം

കിഷോര്‍ ചന്ദ്ര വാങ്ഖൈം

മണിപ്പൂരി മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ ചന്ദ്ര വാങ്ഖൈം അറസ്റ്റിലാകുന്നതും കഴിഞ്ഞ ഒക്ടോബറിലാണ്. ബി.ജെ.പി നേതാവിന്‍റെ ഭാര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനോട് പ്രതികരിച്ചതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി മണിപ്പൂരി വാങ്‌ഖെയെ അറസ്റ്റ് ചെയ്തത്.

ഇത് രണ്ടാം തവണയാണ് വാങ്ഖൈം അറസ്റ്റിലാകുന്നത്. 2018 ലായിരുന്നു ആദ്യത്തെ അറസ്റ്റ്. ആര്‍.എസ്.എസ്, മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കെതിരെ അഭിപ്രായം പറഞ്ഞതിനായിരുന്നു വാങ്ഖെയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പക്ഷേ 2019 ല്‍ ഹൈക്കോടതി ഈ കേസില്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ റദ്ദാക്കി.

''മുമ്പും മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'': ബി.ജെ.പി നേതാക്കളോട് പ്രതിപക്ഷം

പ്രശാന്ത് കനോജിയ

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് പ്രശാന്ത് കനോജിയ. കനോജിയയെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടുതവണ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് തവണയും അദ്ദേഹത്തിന്‍റെ ട്വീറ്റുകളുടെ പേരിലായിരുന്നു അറസ്റ്റ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു രണ്ട് അറസ്റ്റും. രണ്ട് കേസുകളിലും കോടതി അദ്ദേഹത്തെ വിട്ടയക്കാന്‍ ഉത്തരവിട്ടു.

''മുമ്പും മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'': ബി.ജെ.പി നേതാക്കളോട് പ്രതിപക്ഷം

രാജിബ് ശര്‍മ്മ

അസമീസ് ജേര്‍ണലിസ്റ്റും ഡി.വൈ 365 ന്‍റെ ലേഖകനുമാണ് രാജിബ് ശര്‍മ്മ. 2020 ജൂലൈ 16 നാണ് ശര്‍മ്മയെ അറസ്റ്റ് ചെയ്തത്. ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കന്നുകാലി കള്ളക്കടത്തും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഈ ഫോറസ്റ്റ് ഓഫീസര്‍ക്കുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ശര്‍മ്മ. അതിനിടയിലാണ് ഉദ്യോഗസ്ഥന്‍റെ പരാതിയെ തുടര്‍ന്ന് ശര്‍മയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരായ കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

''മുമ്പും മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'': ബി.ജെ.പി നേതാക്കളോട് പ്രതിപക്ഷം

ധവാല്‍ പട്ടേല്‍

ഗുജറാത്തിയിലെ ഒരു ന്യൂസ് പോര്‍ട്ടലിന്‍റെ എഡിറ്ററായിരുന്നു ധവാല്‍ പട്ടേല്‍. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ധവാല്‍ പട്ടേലിനെ ഗുജറാത്ത് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. മെയ് മാസത്തിലായിരുന്നു അറസ്റ്റ്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ അറസ്റ്റ്. അറസ്റ്റിലായി ആഴ്ചകള്‍ക്ക് ശേഷം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

നരേഷ് ഖോഹാല്‍

ഹരിയാനയിലെ ഒരു ഹിന്ദി ദിനപത്രത്തിലെ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു നഹേല്‍ ഖോഹല്‍. മെയ് 7ന് അയല്‍വാസികള്‍ കല്ലെറിഞ്ഞ വിവരം പൊലീസിനെ അറിയിച്ചതിന്, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് ഖോഹാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനുശേഷം നടന്ന അന്വേഷണത്തില്‍ അദ്ദേഹത്തിന്‍റെ അറസ്റ്റ് ഉചിതമല്ലെന്ന് കണ്ടെത്തി വിട്ടയച്ചു.

''മുമ്പും മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'': ബി.ജെ.പി നേതാക്കളോട് പ്രതിപക്ഷം

രാഹുല്‍ കുല്‍ക്കര്‍ണി

കഴിഞ്ഞ ഏപ്രിലിലാണ് മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ കുല്‍ക്കര്‍ണി അറസ്റ്റിലാകുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനും പ്രമുഖ മറാത്തി വാര്‍ത്താ ചാനലായ എ.ബി.പി മജ്ഹയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമാണ് അദ്ദേഹം. കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള പാസഞ്ചര്‍ ട്രെയിനിനെക്കുറിച്ച് ‘വ്യാജ വാര്‍ത്ത’ പ്രചരിപ്പിച്ചെന്നും ആ വാര്‍ത്ത കാരണം ബാന്ദ്ര സ്റ്റേഷനില്‍ ആളുകള്‍ തടിച്ചുകൂടിയെന്നും ആരോപിച്ചായിരുന്നു രാഹുല്‍ കുല്‍ക്കര്‍ണിയുടെ അറസ്റ്റ്. നാലുമാസത്തിനുശേഷം കുറ്റം തെളിയിക്കാന്‍ കഴിയാതെ അദ്ദേഹത്തെ വിട്ടയച്ചു.

''മുമ്പും മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'': ബി.ജെ.പി നേതാക്കളോട് പ്രതിപക്ഷം

രാജീവ് ശര്‍മ്മ

സെപ്റ്റംബറിലാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും വിദേശ നയ കമന്‍റേറ്ററുമായ ശര്‍മയെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വിദേശ പൗരന്മാര്‍ ഉള്‍പ്പെടുന്ന ഒരു ‘സ്പൈ റിങ്ങി”ന്‍റെ ഭാഗമാണെന്ന് പറഞ്ഞായിരുന്നു രാജീവ് ശര്‍മ്മയുടെ അറസ്റ്റ്. രാജീവ് ശര്‍മയുടെ അറസ്റ്റിനെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ ചോദ്യം ചെയ്തിരുന്നു.

സെവാങ് റിഗ്സിന്‍

സ്റ്റേറ്റ് ടൈംസിന്റെ ലേഖകനായ സെവാങ് റിഗ്സിന്‍ സെപ്റ്റംബര്‍ 5 നാണ് അറസ്റ്റിലായത്. റിഗ്സിന്‍ മോഡറേറ്റ് ചെയ്യുന്ന ഒരു ഫേസ്‍ബുക്ക് ഗ്രൂപ്പിലെ ഒരാള്‍ ലഡാക്കില്‍ നിന്നുള്ള ബി.ജെ.പി എം.പിക്കെതിരെ പ്രസ്താവന നടത്തിയെന്നാരോപിച്ച് എം.പി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഗ്രൂപ്പില്‍ 34,000 അംഗങ്ങളുണ്ട്. റിഗ്സിന് അന്നുതന്നെ ജാമ്യം ലഭിക്കുകയും ചെയ്തു.

''മുമ്പും മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'': ബി.ജെ.പി നേതാക്കളോട് പ്രതിപക്ഷം

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. 2018ല്‍ അന്‍വായ് നായിക്ക് എന്ന ഇന്‍റീരിയര്‍ ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. റിപ്പബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

സംഭവത്തില്‍ അലിഭാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്‍വായ് നായിക്കിന്‍റെ മകളുടെ അപേക്ഷ പരിഗണിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസിലാണ് അറസ്റ്റ്. ടിആർപി തട്ടിപ്പ്, പൊലീസ് സേനയെ അപകീർത്തിപ്പെടുത്തൽ ഉൾപ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.