India National

സാമ്പത്തിക രംഗത്ത് റാവുവിനെയും മന്‍മോഹന്‍ സിങിനെയും മാതൃകയാക്കണമെന്ന് നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവ്

മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങിന്റെയും പി.വി നരസിംഹ റാവുവിന്റെയും സാമ്പത്തിക മാതൃക കേന്ദ്രസര്‍ക്കാര്‍ പിന്തുടരണമെന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകരന്‍. ദ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചും ഇന്ത്യന്‍ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം പങ്കുവെക്കുന്നത്.

നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നതിനു പകരം, രാജ്യത്ത് ഉദാരവത്കരണത്തിന് വഴി തെളിച്ച നരസിംഹ റാവു-മന്‍മോഹന്‍ സിങ് സാമ്പത്തിക മാതൃക ബി.ജെ.പി സ്വീകരിക്കണമെന്ന് എ ലോഡ്‌സ്റ്റാര്‍ ടു സ്റ്റിര്‍ ദ എക്കണോമി’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പ്രഭാകര്‍ പറയുന്നു. സര്‍ക്കാര്‍ തുടര്‍ന്നുവരുന്നത് നിഷേധാത്മക നിലപാടാണ്. എല്ലാ മേഖലകളും ഗുരുതര സ്ഥിതിഗതികളെ അഭിമുഖീകരിക്കുന്നതിന്റെ സൂചനകള്‍ ധാരാളമായുണ്ടെന്നും അദ്ദേഹം പറയുന്നു.

നെഹ്റുവിന്റെ സോഷ്യലിസത്തെ വിമര്‍ശിക്കുകയല്ലാതെ തുടക്കകാലം മുതല്‍ക്ക് തന്നെ രാജ്യത്തെ സാമ്പത്തിക വിഷയത്തില്‍ ഒരു ചട്ടക്കൂട് നിര്‍മ്മിക്കുവാന്‍ സര്‍ക്കാറിനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ‘ഇതല്ല- ഇതല്ല’ എന്നതാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്താണ് തങ്ങളുടെ നയം എന്ന് വ്യക്തമാക്കാതെയാണിതെന്ന് പ്രഭാകര്‍ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

റാവു-സിങ് സാമ്പത്തിക രൂപകല്‍പന ബി.ജെ.പി സ്വീകരിക്കണം. ഈ മാതൃക പിന്‍പറ്റുന്നതിലൂടെയും ഉത്സാഹത്തോടെ പരിശ്രമിക്കുന്നതിലൂടെയും നിലവില്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ ബി.ജെ.പിക്കും നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനാവുമെന്നും അദ്ദേഹം പറയുന്നു.