India

ഡല്‍ഹി സര്‍വകലാശാല സിലബസ് മാറ്റത്തില്‍ വിവാദം; ദളിത് എഴുത്തുകാരുടെ കൃതികള്‍ ഒഴിവാക്കി

ഡല്‍ഹി സര്‍വകലാശാല സിലബസില്‍ നിന്നും മഹാശ്വേതാ ദേവിയുടെയും രണ്ട് ദളിത് എഴുത്തുകാരുടെയും കൃതികള്‍ ഒഴിവാക്കി. മഹാശ്വേതാ ദേവിയുടെ ദ്രൗപതി എന്ന കഥയാണ് സിലബസില്‍ നിന്നൊഴിവാക്കിയത്. 1999 മുതല്‍ സിലബസിന്റെ ഭാഗമായിരുന്ന ചെറുകഥയാണ് ദ്രൗപതി.

ദളിത് എഴുത്തുകാരായ ഭാമയുടെയും സുകൃതാരണിയുടെയും മഹാശ്വേതാ ദേവിയുടെയും കൃതികളാണ് സര്‍വകലാശാല ഇംഗ്ലീഷ് അഞ്ചാം സെമസ്റ്ററില്‍ നിന്നും എടുത്തുകളഞ്ഞത്. നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സിലബസ് മേല്‍നോട്ട സമിതിയുടേതാണ് വിവാദത്തിനടിസ്ഥാനമായ നടപടി.

നടപടിക്കെതിരെ ഇന്ന് നടന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ പതിനഞ്ച് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ വിയോജനക്കുറിപ്പ് നല്‍കി. സിലബസില്‍ പരമാവധി നശീകരണം നടന്നിട്ടുണ്ടെന്നും പാഠ്യവിഷയങ്ങളില്‍ സവര്‍ണവത്ക്കരണം നടപ്പാക്കുകയാണെന്നും ആരോപണമുയര്‍ന്നു.