തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ആധാറും വോട്ടര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ഭേദഗതി ബില്‍. വിശദമായ പഠനത്തിന് സഭാ സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്‍ തിരക്കിട്ട് പാസായത്.
നിയമ, നീതിന്യായ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടിലൂടെ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പാസാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ബില്‍ അവതരിപ്പിച്ചത്. നീക്കം രാജ്യത്തെ പൗരന്മാരല്ലാത്തവരുടെ വോട്ടിംഗിന് ഇടയാക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
ബില്ലിലൂടെ വരുന്ന മാറ്റങ്ങള്‍;
വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കും. ഇതിന് നിയമസാധുത നല്‍കാനായി 1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 23ാം വകുപ്പ് തിരുത്തി. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എന്നത് മാറ്റി നാല് അവസരങ്ങള്‍ (ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1) നല്‍കും. ജനപ്രാതിനിധ്യ വകുപ്പിന്റെ 14(ഡി) യിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വോട്ടെടുപ്പ്, വോട്ടെണ്ണല്‍, വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഏത് കെട്ടിടവും താത്ക്കാലികമായി ഏറ്റെടുക്കാന്‍ അവസരം നല്‍കും.
തെരഞ്ഞെടുപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജുവിന്റെ വാദം. ഇരട്ട വോട്ട് തടയാന്‍ ഭേദഗതി മൂലം കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം നിയമം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രിം കോടതി വിധി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ്, തൃണമൂല്‍, ബി.എസ്.പി, ആര്‍.എസ്.പി അംഗങ്ങള്‍ എതിര്‍ക്കുന്നത്.