India National

രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 94 മണ്ഡലങ്ങളും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക്

17 ആം ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 11 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് ഇന്ന് വിധിയെഴുതുന്നത്. ഒഡീഷയിലെ 35 ഉം തമിഴ്നാട്ടിലെ 18 ഉം നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും.

ഇഞ്ചോടിഞ്ചുള്ള പരസ്യപ്രചരണം കണ്ട മേഖലകളാണ് രണ്ടാംഘട്ടത്തില്‍ വോട്ടടുപ്പ് നടക്കുന്നവയില്‍ മിക്കതും. ഉത്തര-ദക്ഷിണ-കിഴക്കന്‍ ഇന്ത്യകള്‍ക്ക് ഒരു പോലെ നിര്‍ണ്ണായകമാണ് ഈ ഘട്ടം‌. പുതുച്ചേരി ഉള്‍പ്പെടെ തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങള്‍ വിധി കുറിക്കും. ഇതോടെ തമിഴ്നാട്ടില്‍ വെല്ലൂര്‍ ഒഴികെ എല്ലായിടത്തും വോട്ടെടുപ്പ് പൂര്‍‌ത്തിയാകും. ഉത്തര്‍പ്രദേശിലെ എട്ട് നിര്‍‌ണ്ണായക മണ്ഡലങ്ങള്‍ വിധി എഴുതുന്നത് ഈ ഘട്ടത്തിലാണ്. ആഗ്ര,ബുലന്ദ് ശഹര്‍, അംറോഹ, മധുര തുടങ്ങി എട്ടും നിലവില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകള്‍. ഇത്തവണ പക്ഷെ എസ്.പി-ബി.എസ്.പി സഖ്യം വന്നതോടെ ബി.ജെ.പിക്ക് വെല്ലുവിളി ശക്തം. കര്‍ണാടകയിലെ 14 മണ്ഡലങ്ങളില്‍, മഹാരാഷ്ട്രയിലെ പത്തിടത്ത്, ബീഹാറിലെയും ഒഡീഷയിലെയും അസമിലെയും അഞ്ചിടങ്ങളില്‍, പശ്ചിമ ബംഗാളിലെ മൂന്ന്, പുറമെ ജമ്മുവിലെ കത്വ മേഖല ഉള്‍ക്കൊള്ളുന്ന ഉധംപൂര്‍ അടക്കം രണ്ട് മണ്ഡലങ്ങളിലും മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലും ഈ ഘട്ടത്തിലാണ് തെരെഞ്ഞെടുപ്പ്.

ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ വോട്ടെടുപ്പ് ക്രമസമാധാന പ്രശ്നങ്ങളെ തുടര്‍ന്ന് അടുത്ത ഘട്ടത്തിലേക്ക് മാറ്റിയിരുന്നു. യു.പിയിലെ മധുരയില്‍ നിന്ന് ഹേമാ മാലിനി, ജമ്മുവിലെ ഉധംപൂരില്‍ നിന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്, ഒഡീഷയിലെ സുന്ദര്‍ഗഡില്‍ നിന്ന് കേന്ദ്ര മന്ത്രി ജുവല്‍ ഓറം തുടങ്ങി നിരവധി പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് മണ്ഡലങ്ങള്‍. വിവിധ സൈനിക വിഭാഗങ്ങളുള്‍പ്പെടെ ഒന്നരലക്ഷത്തോളം ഉദ്യോഗസ്ഥരെ സുരക്ഷക്കായി തമിഴ്നാട്ടില്‍ മാത്രം വിന്യസിച്ചിട്ടുണ്ട്.